iffk

കോഴിക്കോട്: ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന അതിഥി ഖുർദിഷ് വംശജയായ

ലിസ കലാൻ ആണെന്ന് ചലച്ചിത്ര അക്കാഡമി ചെയ‌ർമാൻ രഞ്ജിത്ത്. സ്പിരിറ്റ് ഒഫ് സിനിമ എന്ന പേരിൽ അഞ്ചു ലക്ഷം രൂപയുടെ അവാർഡ് ലിസയ‌്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന് രഞ്ജിത്ത് പറഞ്ഞു.

2003ൽ ഇസ്തംബുളിലെ തെരുവിൽ ഐസിസ് നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്‌ടപ്പെട്ട വ്യക്തിയാണ് ലിസ. സിനിമ എന്ന വികാരത്തെ മുറുകെ പിടിച്ചു ജീവിക്കുന്ന ലിസ കലാനെ ഐഎഫ്എഫ്കെയിൽ ആദരിക്കാനും ചലച്ചിത്ര അക്കാഡമി തീരുമാനിച്ചതായി രഞ്ജിത്ത് അറിയിച്ചു.

യഥാർത്ഥ സിനിമാപ്രേമിക്ക് ചലച്ചിത്രോത്സവം എവിടെ നടന്നാലും തടസമാകില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ഐഎഫ്എഫ്കെയേക്കാൾ വലിയ ചലച്ചിത്ര മേള ഗോവയിൽ നടക്കുന്നുണ്ട്. യഥാർത്ഥ സിനിമാപ്രേമി ഗോവയ‌്ക്ക് പോയിരിക്കും. എന്തുകൊണ്ട് ഗോവ ഫെസ്‌റ്റിവൽ ബോംബയിലോ ഡൽഹിയിലോ നടത്തുന്നില്ല എന്ന ചോദ്യത്തിന് പ്രസക്തിയില്ല. നമുക്കുമൊരു ഫെസ്‌റ്റിവൽ നഗരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് തിരുവനന്തപുരമാണ്.

കോഴിക്കോട് നല്ലൊരു തിയേറ്റർ കോംപ്ളക്‌സ് വേണ്ടത് അത്യാവശ്യമാണെന്ന് രഞ്ജിത്ത് വ്യക്തമാക്കി. ബന്ധപ്പെട്ടവർ അത് ശ്രദ്ധിക്കേണ്ടതാണ്. തിയേറ്റർ ഉടമകൾക്ക് കൊമേർഷ്യൽ സിനിമകളോടാണ് താൽപര്യം. കാരണം അവർക്ക് ജീവനക്കാർക്ക് ശമ്പളം കൊടുക്കണമല്ലോ? തിരുവനന്തപുരത്തെ കാര്യമെടുത്തുകഴിഞ്ഞാൽ, ഈ മാസം 25ന് തിയേറ്റർ ഒഴിവാക്കി തരണമെന്നാണ് തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്. കാരണം രാജമൗലി എന്ന് പറയുന്ന തെലുങ്ക് സംവിധായകന്റെ സിനിമ വരുന്നുണ്ട്. അതാണ് അവരുടെ പ്രിഫറൻസ്.

തലസ്ഥാന നഗരിയിലെ ഹോട്ടലുകളോട് മേളയ‌്ക്കെത്തുന്ന വിദ്യാർത്ഥികൾക്ക് താമസത്തിന് നിരക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടുന്നും രഞ്ജിത്ത് പറഞ്ഞു. ഈ മാസം 18 മുതൽ 25വരെ തിരുവനന്തപുരത്താണ് 26ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നത്.