cyber

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച് സൈബർ വിദഗ്ദ്ധൻ. കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമൻപിള‌ളയുടെ പേര് പറയണമെന്നാണ് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതെന്നാണ് സൈബർ വിദഗ്ദ്ധനായ കോഴിക്കോട് സ്വദേശി സായ് ശങ്കർ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ക്രൈം‌ബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചത് എന്നാണ് ഇദ്ദേഹത്തിന്റെ പരാതി. തെളിവ് നശിപ്പിക്കുന്നതിന് സായ് ശങ്കറിന്റെ സഹായം കേസിലെ പ്രതികൾക്ക് ലഭിച്ചതായി വിവരത്തെ തുടർന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ദിലീപിനും അഭിഭാഷകനും എന്തെല്ലാം സഹായം ചെയ്‌തുകൊടുത്തു എന്നും അറിയാനായിരുന്നു ക്രൈം‌ബ്രാഞ്ച് ചോദ്യം ചെയ്യൽ. ഹൈക്കോടതിയുടെ സംരക്ഷണം വേണമെന്നാണ് സായ് ശങ്കർ ആവശ്യപ്പെട്ടിരിക്കുന്നത്.