
ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. രണ്ടു വർഷം കഴിഞ്ഞാൽ പെൻഷൻ കൊടുക്കുന്ന കീഴ്വഴക്കം ലോകത്ത് മറ്റൊരിടത്തുമില്ലെന്ന് പറഞ്ഞ കോടതി സർക്കാരിന് ഇത്രയുംആസ്തിയുണ്ടോയെന്നചോദ്യവുമുയർത്തി. ഇന്ധനവിലയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എസ് അബ്ദുൾ നസീർ സംസ്ഥാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
പൊതുമേഖലാ എണ്ണക്കമ്പനികൾ ബൾക്ക് പർച്ചേസായി ഇന്ധനം വാങ്ങുന്നവർക്ക് അധിക തുക ഈടാക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചത്. ലിറ്ററിന് ഏകദേശം ആറു രൂപ അധികമായി നൽകേണ്ടി വരുന്നുണ്ടെന്നും, ഇന്ധന വില നിശ്ചയിക്കുന്നതിനു വേണ്ടി ഒരു സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റിയെ നിയമിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി സമർപ്പിച്ചത്.
സംസ്ഥാനം വലിയ പ്രതിസന്ധിയിലാണെന്നാണ് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിൽ എന്തുകൊണ്ടാണ് പേഴ്സണൽ സ്റ്റാഫുകൾക്ക് ഈ രീതിയിൽ പെൻഷൻ അനുവദിക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ ശ്രദ്ധയിൽ പെട്ട ഒരു വാർത്ത ശകലം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഈ പരാമർശം നടത്തിയത്. ഇത്രയും പണം പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷനായി നൽകാൻ സർക്കാരിന്റെ കയ്യിലുണ്ടെങ്കിൽ പിന്നെ എന്തിനാണ് കെഎസ്ആർടിസിയുടെ പെൻഷൻ വിഷയത്തിൽ കോടതിയെ സമീപിച്ചതെന്നും കോടതി ആരാഞ്ഞു. ഈ വിഷയത്തിലെ കോടതിയുടെ അതൃപ്തി അറിയിക്കാൻ സർക്കാർ അഭിഭാഷകന് കോടതി നിർദ്ദേശവും നൽകി. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കില്ലെന്നും, ഹൈക്കോടതിയെ സമീപിക്കണമെന്നും പറഞ്ഞതോടെ സർക്കാർ ഹർജി പിൻവലിച്ചു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി പാർട്ടിക്കാരെ നിയമിക്കുന്നതിനോടും രണ്ടുവർഷത്തെ സേവനത്തിനു ശേഷം അവർക്ക് ഖജനാവിൽ നിന്ന് പെൻഷൻ നൽകുന്നത് നിയമവിരുദ്ധമാണെന്നും പെൻഷൻ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും പറഞ്ഞുകൊണ്ട് വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിയും ഗവർണറും കൊമ്പു കോർത്തിരുന്നു. പേഴ്സണൽ സ്റ്റാഫായി നിയമനം കിട്ടുന്നവർ രണ്ടു വർഷത്തിനു ശേഷം രാജിവച്ച് പാർട്ടിയിൽ തിരിച്ചെത്തും. ഇത്തരത്തിൽ പാർട്ടി കേഡറുകളെ വളർത്തുന്നതിനോട് യോജിക്കാനാവില്ല. സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തിടെയാണ് താൻ അറിഞ്ഞത്. രണ്ടു വർഷത്തെ സേവനത്തിനു ശേഷം പെൻഷൻ നൽകുന്നത് നാണംകെട്ട ഏർപ്പാടാണ്. പാർട്ടിക്കാർക്ക് പെൻഷൻ കൊടുക്കേണ്ടത് സർക്കാർ ചെലവിലല്ലെന്നും ഗവർണർ മുഖ്യമന്ത്രിയോട് അന്ന് തുറന്നടിച്ചിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനവും പെൻഷൻ നൽകുന്നതും പൊടുന്നനേ തുടങ്ങിയതല്ലെന്നും ഇക്കാര്യത്തിൽ വിശദമായ ചർച്ച ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഗവർണർ വഴങ്ങിയില്ല.