k-rail

തിരുവനന്തപുരം: സിൽവർ ലൈനിന്റെ പേരിൽ ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് പാെലീസ് ഗുണ്ടായിസമാണെന്ന് പി സി വിഷ്ണുനാഥ്. കേരള പൊലീസ് അഴിഞ്ഞാടുകയാണെന്നും കുട്ടികളുടെ മുന്നിൽ വച്ച് മാതാപിതാക്കളെ മർദ്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി സി വിഷ്ണുനാഥാണ് ചർച്ച തുടങ്ങിയത്.

'പ്രമേയത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറായത് പ്രതിപക്ഷത്തിന്റെയും സമരക്കാരുടെയും വീട്ടമ്മമാരുടെയും വിജയമാണ്. നേരത്തേ വിഷയത്തിൽ ചർച്ചയേ ആവശ്യമില്ലെന്ന നിലപാടായിരുന്നു സർക്കാരിന്. അതിൽ നിന്നാണ് ഇപ്പോൾ പിന്നാക്കം പോയത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കല്ലിടൽ. സാമൂഹിക ആഘാത പഠനമല്ല സാമൂഹിക അതിക്രമമാണ് നടക്കുന്നത്.സർക്കാരിന്റെ പൊങ്ങച്ച പദ്ധതിയാണിത്. കമ്മീഷനടിക്കാനുള്ളതാണ് കെ റെയിൽ. കാലഹരണപ്പെട്ട സാമഗ്രികൾ അടിച്ചേൽപ്പിക്കുകയാണ്. പദ്ധതിയിൽ അടിമുടി ദുരൂഹതയാണ്. ആരാണ് പദ്ധതി ആവശ്യപ്പെട്ടത്. വിനാശകരമായ മഞ്ഞക്കുറ്റിക്ക് പൊലീസ് കാവൽ നിൽക്കുകയാണ്. കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷം മുന്നോട്ടുപാേകും. വിഷ്ണുനാഥ് പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച് സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അപ്രതീക്ഷതമായാണ് ചർച്ചയ്ക്ക് അനുമതി നൽകിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ചർച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തരപ്രമേയ നോട്ടീസാണിത്. പി.സി. വിഷണുനാഥാണ് വിഷയം ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയത്.രണ്ടുമണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിച്ചിരിക്കുന്നത്.

നിയമസഭയെ ഇരുട്ടിൽ നിർത്തിയാണ് സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സർവ്വേ നടപടികളും കല്ലിടലും മൂലമുള്ള സംഘർഷങ്ങൾ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസിൽ ആരോപിച്ചിരുന്നു. നോട്ടീസിന് മറുപടി നൽകുമ്പോൾ വിശദമായ ചർച്ചയ്ക്ക് തയ്യാറാണ് എന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.