
യുകെ : മെസിയോ റൊണാൾഡോയോ , ആരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർ ? വർഷങ്ങളായി കായിക ലോകത്തെ സജീവമായ ചർച്ചാവിഷയമാണിത്. പല പ്രമുഖരും പല അഭിപ്രായങ്ങൾ ഈ വിഷയത്തിൽ പങ്ക് വച്ച് രംഗത്തെത്താറുണ്ട്. ഇവരിൽ ആരാണ് ഏറ്റവും മികച്ചതെന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് പ്രശസ്ത മാദ്ധ്യമ പ്രവർത്തകനായ പിയേഴ്സ് മോർഗൻ.
ഇനി ചർച്ചകൾ അവസാനിപ്പിക്കാം, റൊണാൾഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് മോർഗൻ പറയുന്നത്. ടോട്ടനത്തിനെതിരായ മത്സരത്തിൽ റൊണാൽഡോ ഹാട്രിക് നേടിയതിന് പിന്നാലെയാണ് മോർഗൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. റൊണാൾഡോയുടെ അടുത്ത സുഹൃത്ത് കൂടിയാണ് പിയേഴ്സ് മോർഗൻ.
കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി റൊണാൾഡോയെ ആളുകൾ പരിഹസിക്കുകയായിരുന്നുവെന്ന് മോർഗൻ പറഞ്ഞു. റൊണാൾഡോയുടെ കാലം കഴിഞ്ഞു, മാന്ത്രികത ഇല്ലാതായി, പ്രായമായി തുടങ്ങിയ പരിഹാസങ്ങൾ റൊണാൾഡോയ്ക്ക് കേൾക്കേണ്ടി വന്നു. യുണൈറ്റഡിലെ പ്രശ്നം റൊണാൾഡോയാണെന്ന് വരെ പ്രചരണങ്ങളുണ്ടായിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായിരുന്നു റൊണാൾഡോയുടെ ഹാട്രിക്. ടോട്ടനത്തിനെതിരെ നേടിയത് റൊണാൾഡോയുടെ 59-ാമത്തെ ഹാട്രിക്കാണ്.
മത്സരത്തിലെ ഗോളുകളോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി റൊണാൾഡോ മാറിയിരുന്നു. ചെക്ക് ഇതിഹാസം ജോസഫ് ബികാനെ മറികടന്നാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോററായി റൊണാൾഡോ മാറിയതെന്ന് മോർഗൻ പറഞ്ഞു. ഇതിനർഥം ഇപ്പോൾ എക്കാലത്തെയും മികച്ച കളിക്കാരൻ റൊണാൾഡോയാണെന്ന് മോർഗൻ പറഞ്ഞു. ഈ സീസണിൽ റൊണാൾഡോയെക്കാൾ കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ നേടിയത് ഒരു കളിക്കാരൻ മാത്രമാണ്. എന്നാൽ 91 കളിക്കാർ ലീഗ് 1 ൽ മെസ്സിയെക്കാൾ കൂടുതൽ ഗോൾ സ്കോർ ചെയ്തിട്ടുണ്ടെന്ന് മോർഗൻ ചൂണ്ടിക്കാട്ടി. 18 ലീഗ് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് ഗോളുകൾ എന്നത് മെസിയുടെ കരിയറിലെ ഏറ്റവും മോശം കാര്യമാണെന്നും മോർഗൻ പറഞ്ഞു.
മെസ്സി ഒരു പ്രതിഭയാണ്, അക്കാര്യത്തിൽ സംശയമില്ല. പക്ഷേ ക്രിക്കറ്റ് ആരാധകർ അദ്ദേഹത്തെ 'ഫ്ലാറ്റ് ട്രാക്ക് ബുള്ളി' എന്ന് വിളിക്കുമെന്നാണ് തന്റെ സംശയമെന്ന് മോർഗൻ പറഞ്ഞു. 17 വർഷത്തെ കരിയറിൽ, മെസി ബാഴ്‌സലോണ എന്ന ഒരു ക്ലബ്ബിൽ മാത്രമേ കളിച്ചിട്ടുള്ളൂ. അവിടെ ലോകോത്തര കളിക്കാർ ചുറ്റുമുണ്ടായിരുന്നു. സ്പെയിനിലെ കംഫർട്ട് സോണിൽ നിന്ന് പുറത്തെത്തിയത് മുതൽ മെസി മങ്ങിത്തുടങ്ങി.
എന്നാൽ സ്വയം പുതിയ വെല്ലുവിളികൾ നൽകുന്നതിനായി റൊണാൾഡോ പോർച്ചുഗലിൽ നിന്ന് ഇംഗ്ലണ്ടിലേക്കും സ്പെയിനിലേക്കും ഇറ്റലിയിലേക്കും ആവർത്തിച്ച് ക്ലബ്ബുകളും രാജ്യങ്ങളും മാറ്റിയെന്ന് മോർഗൻ ചൂണ്ടിക്കാട്ടി. 37ാം വയസിലും മികച്ച ലീഗുകളിൽ റൊണാൾഡോ അത്ഭുതങ്ങൾ തുടരുന്നുവെന്നും പിയേഴ്സ് മോർഗൻ കൂട്ടിചേർത്തു. ഫുട്ബോൾ ലോകത്ത് പുതിയ ചർച്ചകൾക്കുള്ള സാദ്ധ്യതയാണ് മോർഗൻ ഇപ്പോൾ തുറന്നിട്ടിരിക്കുന്നത്.