vd-satheesan

കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് വിവാഹിതനായത്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും എത്തിയിരുന്നു. ഇതിന്റെ ചിത്രവും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഈ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

'ഇന്നലെ നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി, മോഹൻലാൽ, സിദ്ദിഖ്, എന്നിവരോടൊപ്പം' എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചത്. എന്നാൽ വി ഡി സതീശൻ പങ്കുവച്ചതിന്റെ യഥാർത്ഥ ചിത്രത്തിൽ നടൻ ദിലീപും ഉൾപ്പെടുന്നുണ്ട്. ദിലീപിനെ മാറ്റിയ ചിത്രം പോസ്റ്ര് ചെയ്തതിന് നിരവധി പേരാണ് കമന്റുകൾ പങ്കുവച്ചിരിക്കുന്നത്. 'ദിലീപിനെ നൈസായിട്ട് ഒഴിവാക്കിയത് നന്നായി, അതും ഒരു നിലപാടാണ്,' 'ഉചിതമായ നടപടി,' 'ബുദ്ധിയുള്ള പ്രതിപക്ഷ നേതാവ്,' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.