ukraine

കീവ്: യുക്രെയിനിന്റെ തന്ത്രപ്രധാന തുറമുഖനഗരമായ മരിയുപോളിൽ റഷ്യൻ ആക്രമണത്തിൽ 2500ൽ അധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ പള്ളിക്ക് നേരെ നടന്ന ഷെല്ലാക്രമണത്തിൽ അനേകം പേർ കൊല്ലപ്പെട്ടിരുന്നു.

റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുക്രെയിൻ നഗരം ഒന്നൊന്നായി തകർന്ന് വീഴുകയാണ്. കീവിലെ അന്റോനോവ് വ്യോമയാന വ്യവസായ പ്ളാന്റിന് തീപിടിച്ചു. യുക്രെയിനിലെ ചെർണിഹിവ് പോളിടെക്‌നിക് നാഷണൽ യൂണിവേഴ്സിറ്റി തകർന്നു. ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് പ്രദേശങ്ങൾ റഷ്യൻസേന പിടിച്ചടക്കി.

കഴിഞ്ഞ ദിവസം ലിവീവിൽ സൈനിക താവളത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടെന്നും 134 പേർക്ക് പരിക്കേറ്റുവെന്നും യുക്രെയിൻ അറിയിച്ചിരുന്നു. പടിഞ്ഞാറൻ യുക്രെയിനിലെ പോളണ്ട് അതിർത്തിയ്ക്ക് സമീപമാണ് ആക്രമണമുണ്ടായ യാവോറിവ് സൈനികത്താവളം. ഇവിടേക്ക് 30ഓളം റഷ്യൻ ക്രൂസ് മിസൈലുകൾ പതിച്ചെന്നും മരിച്ചവരിൽ സാധാരണക്കാരുണ്ടെന്നുമാണ് റിപ്പോർട്ട്. അതേസമയം,യുക്രെയിനിൽ നിന്ന് പാലായനം ചെയ്തവരുടെ എണ്ണം 27 ലക്ഷത്തോട് അടുത്തെന്ന് യു.എൻ അറിയിച്ചു. 2,698,280 പേരാണ് ഇതുവരെ യുക്രെയിനിൽ നിന്ന് രക്ഷപ്പെട്ടത്.