കൊച്ചിയിൽ ദുരിതമനുഭവിക്കുന്ന ഒരു വിഭാഗം ജനങ്ങളിലേക്കാണ് നേർക്കണ്ണ് ഇത്തവണ യാത്ര നടത്തുന്നത്. കൊച്ചി കോർപറേഷൻ പരിധിയിൽ വരുന്ന താന്തോണി തുരുത്തുകാർ വർഷങ്ങളായി കാത്തിരിപ്പിലാണ്. പാലം വേണമെന്ന തുരുത്തുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

വേലിയേറ്റ സമയത്ത് കായൽ കരയ്ക്ക് കയറുന്നതോടെ ഇവിടുത്തെ വീടുകളിൽ മുഴുവൻ വെള്ളം കയറും. പണ്ടു കാലത്തും ഇവിടെ വേലിയേറ്റമുണ്ടായിരുന്നു കരയിലേക്ക് വെള്ളം കയറുമായിരുന്നു. പക്ഷേ അതൊക്ക വൃശ്ചിക മാസത്തിൽ മാത്രമായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി.

മാസത്തിൽ രണ്ടു തവണയെങ്കിലും തുരുത്തിൽ വെള്ളം കയറും. വെള്ളം കയറിയാൽ വീടെല്ലാം നരകതുല്യമാണ്. വീട്ടുസാധനങ്ങളും വിലയേറിയ ഉപകരണങ്ങളും എല്ലാം നശിക്കും. ഉപ്പുവെള്ളവുമായുള്ള സമ്പർക്കം മൂലം വീടിന്റെ ഭീതികളെല്ലാം വിണ്ടു കീറും. എത്ര പണം മുടക്കി നിർമിച്ചതായാലും പരമാവധി പതിനഞ്ചു വർഷമാണ് ഇവിടത്തെ വീടുകളുടെ കാലാവധി. വീട് നിർമാണം തന്നെ ഇവർക്ക് വലിയ തലവേദനയാണ്. സർവീസ് ബോട്ടിലോ അല്ലെങ്കിൽ എഞ്ചിൻ ഘടിപ്പിച്ച ഫൈബർ ബോട്ടുകളിലോ വേണം ഇവർക്ക് തുരുത്ത് കടന്ന് നഗരത്തിലേക്ക് ചെല്ലാൻ.

വീട് നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുക എന്നത് തന്നെ ശ്രമകാരമാണ്. ഇനി എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് വീട് നിർമിച്ചാൽ തന്നെ രണ്ട് വേലിയേറ്റം വരുമ്പോൾ തന്നെ വീടിന്റെ ചുവരുകൾ ദുർബലമായി തുടങ്ങും. മീൻപിടിത്തം ആണ് താന്തോണി തുരുത്തുകാരുടെ പ്രധാന ഉപജീവന മാർഗം. ഇവരിൽ പലരും പരമ്പരാഗതമായി ഈ തൊഴിൽ ചെയ്യുന്നവരാണ്. അതേസമയം പുതിയ തലമുറയിൽ പെട്ടവർ പലരും ഇതിൽ നിന്നുമാറീ നവീന തൊഴിൽ മേഖലകളിലേക്ക് നീങ്ങുന്നുണ്ട്.

island

ഈ തുരുത്തിലേക്ക് വന്ന് താമസിക്കാൻ പുറത്തു നിന്നുള്ളവർ മടിക്കുന്നതിനാൽ ഇവിടെയുള്ള ചെറുപ്പക്കാർക്ക് വിവാഹബന്ധം പോലും വളരെ പ്രയാസകരമാകുന്ന സാഹചര്യമാണ്. ഇതിനോടകം പല കുടുംബങ്ങളും പല കാലങ്ങളിലായി ഇവിടെ നിന്ന് പലയാനം ചെയ്തു കഴിഞ്ഞു. ആകെയുള്ള യാത്രാ ബോട്ടിന്റെ സമയം കാത്തിരുന്നു വേണം ഇവിടെയുള്ളവർക്ക് തുരുത്തു കടക്കാൻ.

സ്വന്തമായി ബോട്ടുള്ളവർക്ക് അത്ത്രോളം പ്രശ്നമില്ലെന്ന് മാത്രം. ഇവിടുത്തെ സ്‌കൂൾ കുട്ടികളുടെ പഠനമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ ആശങ്കയിലാക്കുന്ന കാര്യം. കാരണം ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ പുറം ലോകം തന്നെയാണ് ഇവർക്ക് ശരണം. എന്നാൽ മഴക്കാലവും തുടർന്നുള്ള വെള്ളപ്പൊക്കവുമെല്ലാം ഈ കുട്ടികളുടെ പഠനത്തെയും ബാധിക്കാറുണ്ട്. ഏറെക്കാലം കുടിവെള്ള പ്രശ്നം നേരിട്ടിരുന്ന പ്രദേശമായിരുന്നു ഇവിടമെങ്കിലും ഇപ്പോൾ അങ്ങനെയൊരു ബുദ്ധിമുട്ടില്ല.

കിണറുകൾ കുഴിക്കുക ഇവിടെ പ്രയോഗികമല്ല. എങ്കിലും പൈപ്പു വെള്ളം ഇവർക്ക് കിട്ടുന്നുണ്ട്. എന്നാൽ നഗരത്തിലെ മറ്റു പ്രദേശങ്ങളിലെപ്പോലെ സമ്പൂർണ ശുദ്ധജലമൊന്നുമല്ല ഇതെങ്കിലും കുഴപ്പമില്ലാതെ ജലവിതരണം ഇവിടെ നടക്കുന്നുണ്ട്. മാലിന്യം ആണ് രൂക്ഷമായ മറ്റൊന്ന്. പൊതുവേ ആധുനിക നഗരവത്കരണത്തിന്റെ ഭാഗമായെത്തുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കായലിൽ കലർന്നു അതിന്റെ സ്വാഭാവിക ജൈവ സമ്പത്തിനു വലിയ രീതിയിൽ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇതേ മാലിന്യം കലർന്ന വെള്ളമാണ് കര കവിഞ്ഞു വീടുകളിലേക്കും പരിസര പ്രദേശങ്ങളിലേക്കും കയറുന്നത്.

ഇവിടെയുള്ള എല്ലാ വീടുകളുടെയും ചുറ്റുപാടും ചെളിയും മലിനജലവും നിറഞ്ഞു കിടക്കുന്നു. കായലിലെ മാലിന്യങ്ങൾ അതിന്റെ ആവാസ വ്യവസ്ഥയ്ക്ക് തന്നെ വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മത്സ്യ സമ്പത്തിലുണ്ടാകുന്ന കുറവ് അതിന്റെ പ്രതിഫലനമാണ്. ഒരു കാലത്ത് നെൽ കൃഷി ഉൾപ്പെടെ ഇവിടെ നടന്നിരുന്നു എന്ന് പഴമക്കാർ പറയുന്നു.

എന്നാൽ പുതിയ തലമുറ അത്തരം കാര്യങ്ങളെ അദ്ഭുത്തോടെയാണ് കാണുന്നത്. കാരണം അവർ കാണുന്ന പുതിയ താന്തോണി തുരുത്തിലെ മണ്ണിന് കൃഷിയുടെ വിളവൊരുക്കാനുള്ള മേന്മയൊന്നുമില്ല എന്നത് തന്നെ. ഔട്ടർ ബണ്ടും പാലവും വെള്ളം കയറി ബുദ്ധിമുട്ടിക്കാത്ത ദിവസങ്ങളുമൊക്കെയാണ് താന്തോണി തുരുത്തുകാർ സ്വപ്നം കാണുന്നത്. എന്നാൽ ആ സ്വപ്നത്തിനും യഥാർത്ഥ്യത്തിനുമിടയിൽ നിലയില്ലാ കയം പോലെ അനന്തമായി കിടക്കുകയാണ് ഇവരുടെ ജീവിതം.