ans

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി എൽ ഡി എഫിന്റെ പ്രകടന പത്രികയിലുണ്ടെന്നും ആരെതിർത്താലും നടപ്പാക്കുമെന്നും എ എന്‍ ഷംസീര്‍ എം എല്‍ എ. സിൽവർലൈൻ പദ്ധതി സംബന്ധിച്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയിൽ പറഞ്ഞത് നടപ്പാക്കുന്നതിനാണ് ജനങ്ങൾ തങ്ങൾക്ക് അംഗീകാരം നൽകിയതെന്നും ഷംസീര്‍ പറഞ്ഞു.

'ഭാവി തലമുറയ്ക്കുവേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതിയെ ബാധിക്കുമെന്നത് തെറ്റായ പ്രചാരണമാണ്. 2.88 ലക്ഷം കാര്‍ബണ്‍ ബഹിര്‍ഗമനമാണ് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാകുന്നതോടെ കുറയ്ക്കാനാകുന്നത്. വാഹനാപകടങ്ങൾ കുറയ്ക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുമാവും. കെ റെയിൽ എന്തിനാണ് നടപ്പാക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം താേമസ് ഐസക്കിന്റെ പുസ്തകത്തിലുണ്ട്. പ്രതിപക്ഷത്തിന് ആ പുസ്തകം സൗജന്യമായി വിതരണംചെയ്യാൻ തയ്യാറാണ്. പ്രതിപക്ഷത്തിന് വിമോചന സമരം തികട്ടിവരുന്നുണ്ട്. രണ്ടാം വിമോചന സമരത്തിന് ഒരുങ്ങുകയാണെങ്കിൽ അതിന് അനുവദിക്കില്ല- എം എൽ എ മുന്നറിയിപ്പുനൽകി.

വികസന പദ്ധതികൾക്കെതിരെ ഇവന്റ് മാനേജ്‌മെന്റ് സമരമാണ് പ്രതിപക്ഷം നടത്തുന്നത്. ബി ജെ പിയും സാമുദായിക മൗദൂദിസ്റ്റുകളും ഒപ്പം ചേരുന്നുമുണ്ട്. വികസനത്തിനായുളള തൂണുകൾ തകർക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ പൊലീസ് മർദ്ദനം ഏൽക്കേണ്ടിവരും. എല്ലാ പദ്ധതികൾക്കും കമ്മിഷൻ തരപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ സ്വഭാവമാണ്. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടുകൾക്ക് അഞ്ചുസംസ്ഥാനങ്ങളിൽ മറുപടി ലഭിച്ചു. എന്തിനെയും എതിർക്കുന്ന നിലപാട് മാറ്റിയില്ലെങ്കിൽ കോൺഗ്രസ് രക്ഷപ്പെടില്ല. - ഷംസീർ വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച് സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അപ്രതീക്ഷതമായാണ് ചർച്ചയ്ക്ക് അനുമതി നൽകിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ചർച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തരപ്രമേയ നോട്ടീസാണിത്. പി.സി. വിഷണുനാഥാണ് വിഷയം ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയത്.