oruthee

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്ന നവ്യാ നായർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരുത്തീ. മാർ‌ച്ച് 18ന് തീയേറ്റർ റിലീസായാണ് ചിത്രം എത്തുന്നത്. റിലീസടുത്തതോടെ പുതിയ പ്രമോഷൻ രീതികളുമായി എത്തിയിരിയ്ക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രം റിലീസാകുന്ന ആദ്യ മൂന്ന് ദിവസങ്ങളിൽ തിയേറ്ററുകളിലെത്തുന്ന പുരുഷന്മാർക്ക് മാത്രമായി അടിപൊളി ഒരു ഓഫറാണ് അണിയറപ്രവർത്തകർ മുന്നോട്ട് വച്ചിരിക്കുന്നത്.

വി.കെ പ്രകാശ് സംവിധാനം ചെയ്തിരിയ്ക്കുന്ന ഒരുത്തീ റിലീസായി ആദ്യത്തെ മൂന്നു ദിവസം പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്നാണ് ഇവർ പറയുന്നത്. ആദ്യ മൂന്ന് ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് മാത്രമാണ് സൗജന്യ ടിക്കറ്റ് ലഭിക്കുക.

oruthee

കെ.വി അബ്ദുള്‍ നാസർ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം കെെകാര്യം ചെയ്തിരിയ്ക്കുന്നത് ഗോപി സുന്ദറും തകര ബാന്‍ഡുമാണ്. എസ്. സുരേഷ് ബാബു തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിയ്ക്കുന്നത് ജിംഷി ഖാലിദാണ്. ലിജോ പോളാണ് എഡിറ്റിംഗ്. നവ്യ നായര്‍ക്ക് പുറമെ വിനായകന്‍, സൈജു കുറുപ്പ്, അരുണ്‍ നാരായണ്‍, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.