
സമാധാനമായി മതിവരുവോളം ഉറങ്ങാൻ എല്ലാവർക്കുമിഷ്ടമാണ്. അടുത്ത ദിവസം ഉന്മേഷത്തോടെ ഉണരാൻ കഴിയും എന്നത് മാത്രമല്ല ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. അതുപോലെ ശരിയായ ഉറക്കം ലഭിക്കാത്തത് ഉയർന്ന രക്ത സമ്മർദം, പൊണ്ണത്തടി, ഹൃദ്രോഗം എന്നിങ്ങനെ അപകടകാരിയായ രോഗങ്ങൾ വരുന്നതിനും കാരണമാകുന്നു. എന്നാൽ ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിച്ചിട്ട് മാത്രം കാര്യമില്ല. ശരിയായ രീതിയിലല്ല നിങ്ങൾ കിടക്കുന്നതെങ്കിൽ അതും നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. കമിഴ്ന്നോ ചരിഞ്ഞോ ആണ് നിങ്ങൾ കിടക്കുന്നുറങ്ങുന്നതെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ.
ചരിഞ്ഞ് കിടക്കുന്നതിന്റെ പ്രയോജനങ്ങൾ
1. കൂർക്കംവലി കുറയ്ക്കുന്നു:
കൂർക്കം വലി എന്നത് നിസാരമായി തള്ളിക്കളയേണ്ട ഒരു കാര്യമല്ല. രാത്രി മുഴുവൻ നിങ്ങളുടെ ശ്വാസോഛ്വാസം ശരിയായ രീതിയിൽ നടക്കാതെ വരുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കും. ഉയർന്ന രക്തസമ്മർദം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ വലിയ രോഗങ്ങളിലേയ്ക്ക് വരെ കൂർക്കംവലി നിങ്ങളെ നയിക്കും. എന്നാൽ നിങ്ങൾ ചരിഞ്ഞ് കിടന്നാണ് ഉറങ്ങുന്നതെങ്കിൽ കൂർക്കം വലിക്കുന്നതിനുള്ള സാദ്ധ്യത കുറയുന്നു. അതേസമയം കമിഴ്ന്ന് കിടക്കുകയാണെങ്കിൽ ശ്വസനം കൂടുതൽ ബുദ്ധിമുട്ടാകുകയും നിങ്ങൾ കൂർക്കം വലിക്കാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്യുന്നു.
2. ദഹനത്തിന് സഹായിക്കുന്നു
ഭക്ഷണം കഴിച്ചയുടനേ ഉറങ്ങിയാൽ ദഹനം ശരിയായി നടക്കില്ല എന്ന് പറയാറുണ്ട്. എന്നാൽ ഭക്ഷണം കഴിച്ച് അൽപ്പസമയത്തിനകം നിങ്ങൾ ചരിഞ്ഞ് കിടക്കുകയാണെങ്കിൽ വയറിൽ ആസിഡിന്റെ അളവ് അമിതമാകുന്നത് തടയുകയും ഇതിലൂടെ ദഹനം ശരിയായി നടക്കുകയും ചെയ്യും. ഇതിലൂടെ നെഞ്ചെരിച്ചിൽ പോലുള്ല പ്രശ്നങ്ങൾ കുറയുകയും ചെയ്യുന്നു.
3. നടുവേദന കുറയ്ക്കുന്നു
ചരിഞ്ഞ് കിടന്നുറങ്ങുന്നത് നടുവേദന ശമിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ തോളിലെ വേദന അകറ്റാനും സഹായിക്കുന്നു.
4. സുരക്ഷിതമായ ഗർഭാവസ്ഥ
ഗർഭിണികൾ ചരിഞ്ഞ് കിടന്നുറങ്ങുന്നത് ശരിയായ ഉറക്കം ലഭിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കും നല്ലതാണ്. ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തും. അതുപോലെ ചരിഞ്ഞ് കിടക്കുന്നത് വയറിന് ചുറ്റും അനുഭവപ്പെടുന്ന പിരിമുറുക്കം മാറ്റി സുഖപ്രദമായി ഉറങ്ങാൻ സഹായിക്കുന്നു.
5. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി അൽഷിമേഴ്സ് പോലുള്ല രോഗങ്ങൾ വരുന്നത് തടയാൻ സഹായിക്കുന്നു.
ഹാർവാർഡ് റിപ്പോർട്ട് പ്രകാരം കമിഴ്ന്ന് കിടന്നുറങ്ങുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. അതിനാൽ നട്ടെല്ല് നിവർത്തി ചരിഞ്ഞ് കിടന്നുറങ്ങുന്നത് ശരീരത്തിന് ഗുണം ചെയ്യും എന്നത് മാത്രമല്ല സുഖമായി ഉറങ്ങാനും നിങ്ങളെ സഹായിക്കുന്നു.