
ലൈംഗിക പീഡനപരാതിയെ തുടർന്ന് നിയമനടപടി നേരിടുന്ന ശ്രീകാന്ത് വെട്ടിയാർ പുതിയ സിനിമയുടെ തിരക്കുകളിലെന്ന് സൂചന. താൻ അഭിനയിച്ച ഉസ്‌കൂൾ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പങ്കുവച്ച വെട്ടിയാർക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്.
'താങ്കളെക്കുറിച്ച് ഉയർന്ന ആരോപണത്തിന് മറുപടി പറയാൻ ബാദ്ധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷൻ' എന്നായിരുന്നു ഒരാളുടെ ചോദ്യം.ഇതിന് ശ്രീകാന്ത് നൽകിയ മറുപടിയിങ്ങനെ- 'കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുവിടത്തിൽ ഒന്നും പറയാനില്ല'.
ബലാൽസംഗ കുറ്റം ചുമത്തിയാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോവുകയായിരുന്നു. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽ വച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ആദ്യം സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കൊച്ചി സെൻട്രൽ സ്റ്റേഷനിൽ പരാതിയും നൽകി.