
തിരുവനന്തപുരം: സമരങ്ങളോട് എന്നു മുതലാണ് നിങ്ങൾക്ക് പുച്ഛം തോന്നി തുടങ്ങിയതെന്ന് എ എൻ ഷംസീറിനോട് രമേശ് ചെന്നിത്തല. സിൽവർലൈനിനെതിരെ ജനങ്ങൾ നടത്തുന്നത് നിലനിൽപ്പിന്റെ സമരമാണ്. അത്തരമൊരു സമരത്തിനെതിരെ പുച്ഛം തോന്നുന്ന അദ്ദേഹത്തോട് സഹതാപമാണ് തോന്നുന്നതെന്നും രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു. സിൽവർലൈൻ പദ്ധതി സംബന്ധിച്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം വീടും സ്ഥലങ്ങളും നഷ്ടപ്പെടുന്നവരുടെയും കുടിയിറക്കപ്പെടുന്നവരുടെയും ജീവനോപാധികൾ നഷ്ടപ്പെടുന്നവരുടെയും വിലാപങ്ങൾ കേൾക്കാൻ കഴിയാത്ത ഒരു സർക്കാറായി ഇടതുപക്ഷ സർക്കാർ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം പ്രളയമുണ്ടായാൽ ചാൽ വെട്ടി വെള്ളമൊഴുക്കാമെന്നാണ് എഎൻ ഷംസീർ സഭയിൽ പറഞ്ഞത്.
ഷംസീറിനു ശേഷം പ്രസംഗിച്ച രമേശ് ചെന്നിത്തല പദ്ധതിയെ നിശിതമായി വിമർശിച്ചുകൊണ്ടാണ് അദേഹത്തിനു മറുപടി നൽകിയത്. കേരളം ഒറ്റക്കെട്ടായി എതിർക്കുന്ന പദ്ധതിയാണിത്. ആയിരക്കണക്കിനു പേരെ വഴിയാധാരമാക്കിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിലെ സിഗ്നൽ സിസ്റ്റം ഉപയോഗിച്ച് ഇപ്പോഴുള്ള ട്രാക്കിലൂടെ തിരുവനന്തപുരത്തു നിന്ന് രാവിലെ ആറു മണിക്കു തിരിക്കുന്ന ജനശതാബ്ദി എക്സ്പ്രസ് ആറരമണിക്കൂറുകൊണ്ട് കാസർകോടെത്തും. അതു മാത്രമല്ല രാജധാനി, അന്ത്യോദയ തുടങ്ങിയ പല എക്സ്പ്രസ് ട്രെയിനുകളും ഈ സമയം കൊണ്ട് കാസർകോടെത്തുന്നുണ്ട്. ഇപ്പോഴുള്ള ഈ വളവുകൾ ശരിയാക്കിയും ഓട്ടോമേറ്റഡ് സിഗ്നൽ സിസ്റ്റം മെച്ചപ്പെടുത്തിയും നിലവിലുള്ള ട്രയിനുകൾക്ക് അഞ്ചു മണിക്കൂർ കൊണ്ട് തന്നെ കാസർകോട് എത്തിച്ചേരാനാകുമെങ്കിൽ എന്തിനാണ് ആയിരങ്ങളെ കുടിയിറക്കുന്നത്. ഈ പദ്ധതി ആർക്കുവേണ്ടിയാണ് നടപ്പിലാക്കുന്നതെന്നും ചെന്നത്തില ചോദിച്ചു.
ഷംസീറിനു ശേഷം പ്രസംഗിച്ച രമേശ് ചെന്നിത്തല പദ്ധതിയെ നിശിതമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹത്തിനു മറുപടി നൽകിയത്. സിൽവർലൈൻ പദ്ധതിയെ ഇടത് പരിസ്ഥിതി വാദികളും സംഘടനകളും തന്നെ എതിർക്കുന്ന പദ്ധതിയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, ഇത് എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതിയാണെന്നും ആരെതിർത്താലും പദ്ധതി നടപ്പാക്കുമെന്നും എഎൻ ഷംസീർ പറഞ്ഞു. പദ്ധതി നടപ്പിലാക്കാൻ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ട. പദ്ധതി പൂർത്തിയാക്കുമ്പോൾ കാർബൺ ബഹിർഗമനം കുറയും. ടൂറിസം വികസനത്തിന് കണക്ടിവിറ്റി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച് സർക്കാർ ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. അപ്രതീക്ഷതമായാണ് ചർച്ചയ്ക്ക് അനുമതി നൽകിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ചർച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തരപ്രമേയ നോട്ടീസാണിത്. പി.സി. വിഷണുനാഥാണ് വിഷയം ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയത്.