
തിരുവനന്തപുരം: സസ്പെൻഷൻ കാലയളവിൽ ഓഫീസിലെത്തി ഫയൽ പരിശോധിച്ച എൻജിനിയർക്കെതിരെ പൊതുമരാമത്ത് വകുപ്പ് അന്വേഷണം തുടങ്ങി. ഹൈക്കോടതിയിൽ സി.സി ടിവി കാമറ സ്ഥാപിക്കാൻ മാനദണ്ഡങ്ങൾ മറികടന്ന് അംഗീകാരമില്ലാത്ത സ്വകാര്യ സ്ഥാപനത്തിന്  5.75 കോടി രൂപയുടെ ടെൻഡർ നൽകാനുള്ള നീക്കം കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ  പൊതുമരാമത്ത് വകുപ്പിന്റെ തൃശൂർ ഇലക്ട്രോണിക്സ് ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനിയറാണ് വീണ്ടും വിവാദത്തിൽ പെട്ടത്. 
മാർച്ച് 11ന് രാവിലെ ഏഴു മണി മുതൽ ഒമ്പതു വരെ ഈ ഉദ്യോഗസ്ഥ ഓഫീസിലെത്തുകയും ഫയലുകൾ പരിശോധിക്കുകയും ചില ഫയലുകളിൽ ഒപ്പിടുകയും ചെയ്തതായി വിവരം ലഭിച്ചതിനെതുടർന്ന് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബിൽഡിംഗ് വിഭാഗം ചീഫ് എൻജിനിയർക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. ഇരുപത്തിനാലു മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കണം. ഇവർക്ക് ഓഫീസിൽ പ്രവേശിച്ച് ഫയൽ നോക്കാൻ ഒത്താശ നൽകിയതാരാണെന്നതും അന്വേഷിക്കുന്നുണ്ട്. ടെൻഡർ ഇടപാടിൽ അന്വേഷണം നടന്നുവരുന്നതിനാൽ അതുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനാണോ എൻജിനിയർ ഒാഫീസിൽ എത്തിയതെന്ന സംശയവുമുണ്ട്.