
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തെ കേന്ദ്രസർക്കാർ വാക്കാൽ പിന്തുണച്ചു. ഔദ്യോഗികമായ നിലപാട് നാളെ രേഖാമൂലം അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു.
നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്‌തത്. നയതന്ത്രതലത്തിൽ ഇടപെടാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. നാളെ ഡൽഹി കോടതി ഹർജി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് യെമൻ പൌരൻ തലാൽ അബ്‌ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ സനയിലെ അപ്പീൽ കോടതി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചത്. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം.
ഇനി യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലാണ് നിമിഷയ്ക്ക് മുമ്പിലുള്ള ഏക പ്രതീക്ഷ. എന്നാൽ അപ്പീൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്ന് മാത്രമെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ പരിശോധിക്കാൻ സാദ്ധ്യതയുള്ളു. തലാൽ അബ്ദുമഹ്ദിയുടെ കുടംബത്തിന് ബ്ലഡ് മണി നൽകി വധ ശിക്ഷ ഒഴിവാക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ മഹ്ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടർടാങ്കിൽ ഒളിപ്പിച്ചത്.