
ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിൽ ബി.ജെ.പി മിന്നും വിജയം നേടിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'അതിശയകരമായ വീര്യവും ചടുലതയും ഉള്ള മനുഷ്യൻ' എന്ന് പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശിതരൂർ എം.പി.
'പ്രധാനമന്ത്രി നരേന്ദ്രമോദി അസാമാന്യ വീര്യവും ചടുലതയുമുള്ള മനുഷ്യനാണ്. രാഷ്ട്രീയമായി ശ്രദ്ധേയമായ ചില കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ബി.ജെ.പി ഇത്രയും വലിയ മാർജിനിൽ വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അദ്ദേഹമത് ചെയ്തു." - ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യൻ വോട്ടർമാർക്ക് അമ്പരപ്പിക്കാനുള്ള കഴിവുണ്ട്. ഇപ്പോൾ വോട്ടർമാർ ബി.ജെ.പിക്ക്, അവർ ആഗ്രഹിച്ചത് നൽകി. ഒരു നാൾ അവർ ബി.ജെ.പിയെ അമ്പരപ്പിക്കും. എന്നാൽ ഇത്രയും ഭൂരിപക്ഷത്തോടെ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. സമാജ്വാദി പാർട്ടിയുടെ സീറ്റുകൾ വർദ്ധിച്ചു. അവർ മികച്ച പ്രതിപക്ഷമാണെന്ന് തെളിയിക്കും."
അതേ സമയം രാജ്യത്തെ വർഗീയവും മതപരവുമായി വിഭജിക്കുന്ന ശക്തികളെ മോദി സമൂഹത്തിൽ അഴിച്ചുവിട്ടുവെന്ന് തരൂർ വിമർശിക്കുകയും ചെയ്തു. വിഷലിപ്തമായ പ്രചാരണങ്ങളാണ് അവർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.