
ബംഗളൂരു: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 238 റൺസിന്റെ വമ്പൻ ജയം. ഈ വിജയത്തോടെ ടെസ്റ്റ് പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ ടെസ്റ്റിലും ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 447 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്.
ആദ്യ ഓവറിന്റെ മൂന്നാം പന്തിൽ തന്നെ റണ്ണൊന്നുമെടുക്കാത്ത ഓപ്പണർ ലഹിരു തിരിമന്നെയെ ജസ്പ്രിത് ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കിയിരുന്നു. എന്നാൽ ക്യാപ്ടൻ ദിമുത് കരുണാരത്നെയും കുസാൽ മെൻഡിസും ചേർന്ന് ലങ്കയെ കരകയറ്റി. എന്നാൽ 54 റണ്ണെടുത്ത് മെൻഡിസും 107 റണ്ണെടുത്ത കരുണാരത്നെയും പുറത്തായതോടെ ശ്രീലങ്ക ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.
That's that from the Chinnaswamy Stadium.#TeamIndia win the 2nd Test by 238 runs and win the series 2-0.@Paytm #INDvSL pic.twitter.com/k6PkVWcH09
— BCCI (@BCCI) March 14, 2022
ഒരുഘട്ടത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലായിരുന്ന ലങ്ക 208ന് എല്ലാവരും പുറത്താകുകയായിരുന്നു. വെറും ആറ് റൺസിനാണ് ലങ്കയുടെ അവസാന നാലു വിക്കറ്റുകൾ വീണത്. ലങ്കൻ നിരയിൽ കരുണാരത്നെയ്ക്കും മെൻഡിസിനും 12 റൺസെടുത്ത നിരോഷൻ ഡിക്ക്‌വെലെയ്ക്കും ഒഴിച്ച് മറ്റാർക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല.ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനും മൂന്ന് വിക്കറ്രെടുത്ത ജസ്പ്രീത് ബുമ്രയും ബൗളിംഗിൽ തിളങ്ങി. അക്സർ പട്ടേൽ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റുമെടുത്തു.
സ്കോർ: ഇന്ത്യ 252 & 303-9 ഡിക്ളയേർഡ‌്; ശ്രീലങ്ക 109 & 208