
പാശ്ചാത്യ സംഗീതത്തിൽ നിന്നുള്ള ഗാനങ്ങളുടെ കവർ വേർഷൻ മലയാളി സംഗീതജ്ഞർ ഉപയോഗിക്കാറുണ്ട്. എന്നാൽ മലയാള സിനിമയിലെ ഒരു ഗാനത്തിന്റെ കവർ വേർഷൻ മറ്റുരാജ്യങ്ങളിലുള്ളവർ പുറത്തിറക്കുന്നത് അപൂർവമാണ്. എന്നാൽ അമൽ നീരദ് - മമ്മൂട്ടി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ഭീഷ്മപർവ്വത്തിലെ ഗാനമായ പറുദീസയ്ക്ക് അത്തരമൊരു കവർ വേർഷൻ നൽകിയിരിക്കുകയാണ് ഇന്തോനേഷ്യൻ ഗായികയായ യീയിസ് ദെസിയാന.
ഇന്തോനേഷ്യയിലെ തന്നെ പൊണ്ടിയാനക്കിലെ പുംഗൂർ സുരബി കോർണർ കഫെയിൽ വച്ച് ചിത്രീകരിച്ച ഗാനത്തിന് ലൈവ് മ്യൂസിക്ക് ആണ് നൽകിയിരിക്കുന്നത്. യഥാർത്ഥ ഗാനത്തിൽ ഉപയോഗിച്ചിട്ടുള്ള ബി ജി എം തന്നെയാണ് കവർ വേർഷനിലും ഉപയോഗിച്ചിരിക്കുന്നത്. ദെസിയാന ആലപിച്ച പാട്ടിന് മിഴിവേകി അക്കൗസ്റ്റിക്ക് ഗിറ്റാർ, ട്രംപറ്റ്, ട്രോംബോൺ എന്നീ വാദ്യോപകരണങ്ങളും ഉണ്ട്. ഇന്തോനേഷ്യൻ ഭാഷയിലെ പാട്ടിൽ ഇടയ്ക്ക് മലയാളം വാക്കുകളും ദെസിയാന ഉച്ചരിക്കുന്നുണ്ട്.
ഭീഷ്മ പർവ്വത്തിന് ആദ്യ നാല് ദിവസം കൊണ്ട് 8കോടിക്ക് മുകളിലാണ് ഷെയർ നേടിയത്. മോഹൻലാൽ -പൃഥ്വിരാജ് ചിത്രം ലൂസിഫറിനും ദുൽഖർ സൽമാന്റെ കുറുപ്പിനും ശേഷം മലയാളത്തിൽ ഏറ്റവും വേഗത്തിൽ അമ്പത് കോടി ക്ലബ്ബിൽ ഇടം നേടുന്ന മൂന്നാമത്തെ സിനിമയാണ് ഭീഷ്മ പർവ്വം. തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ചിത്രം കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും ഏറ്റെടുത്തു. ഓസ്‌ട്രേലിയ–ന്യൂസിലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയത്. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പിറൈറ്റ് തുക കരസ്ഥമാക്കി എന്നാണ് വിവരം.