kk

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകയിരിക്കുന്നത്.

ഉഷ്ണതരംഗ ജാഗ്രതാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

രാവിലെ 11 മുതല്‍ മൂന്നു മണി വരെയുള്ള സമയമെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത്

ഒഴിവാക്കുക.നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു കുപ്പി കുടിവെള്ളം കൈയില്‍ കരുതുക.പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.വിദ്യാര്‍ത്ഥിളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാദ്ധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.