
ഗാന്ധിനഗർ: ഗുജറാത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും എം.എൽ.എയുമായ അനിൽ ജോഷിയാര (69) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഗുജറാത്തിലെ അർവല്ലിയിലെ ജില്ലയിലെ ബിലോദയിൽ നിന്ന് 5 തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഗുജറാത്ത് നിയമസഭയിലെ ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ പ്രതിപക്ഷ ഉപനേതാവ് ശൈലേഷ് പർമാർ ആണ് ജോഷിയാരയുടെ മരണവിവരം അറിയിച്ചത്. തുടർന്ന് എല്ലാ നിയമസഭാംഗങ്ങളും രണ്ട് മിനിറ്റ് മൗനം ആചരിച്ച ശേഷം സ്പീക്കർ നിമാബെൻ ആചാര്യ, സഭ പിരിഞ്ഞതായി അറിയിച്ചു.
ഡോക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോഷിയാര, 1995ൽ ബിലോദയിൽ നിന്ന് ബി.ജെ.പി ടിക്കറ്റിലാണ് ആദ്യമായി എം.എൽ.എയായി തിരഞ്ഞെടുക്കപ്പെടുന്നത്. ശങ്കർസിൻഹ് വഗേലയുടെ നേതൃത്വത്തിലുള്ള സർക്കാറിൽ ആരോഗ്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998ൽ തന്റെ രാഷ്ട്രീയ ജനതാ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ച ശേഷം ജോഷിയാര കോൺഗ്രസിൽ ചേർന്നു. തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ബിലോദയിൽ നിന്ന് 4 തവണ വിജയിച്ചു.