
ചെന്നൈ: പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധയും അദ്ധ്യാപക പരിശീലകയും എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അദ്ധ്യക്ഷയുമായ മീനാ സ്വാമിനാഥൻ അന്തരിച്ചു. 89 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു ചെന്നൈയിലെ വസതിയിൽ അന്ത്യം. പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥനാണ് ജീവിതപങ്കാളി. 1951ൽ കേബ്രിഡ്ജ് സർവകലാശാലയിൽ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്.
1933 മാർച്ച് 25ന് ന്യൂഡൽഹിയിൽ ജനിച്ച മീന,ഡൽഹി സർവകലാശാലയിൽ നിന്ന് ബി.എ ഓണേഴ്സും കേന്ദ്ര വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബി.എഡും നേടി. 1958ൽ പഞ്ചാബ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ എം.എ കരസ്ഥമാക്കി.1970കളിൽ പ്രീസ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ ചെയർപേഴ്സണായിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1975ൽ ഐ.സി.ഡി.എസ് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്പ്‌മെന്റ് സർവീസ്) വകുപ്പ് സ്ഥാപിക്കപ്പെട്ടത്.പ്രാഥമിക വിദ്യാഭ്യാസത്തിൽ തിയേറ്റർ സങ്കേതത്തിന്റെ പ്രയോഗത്തിന്റെ പേരിലും മീന അറിയപ്പെട്ടിരുന്നു. ലിംഗ സമത്വത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച മീന, സെന്റർ ഫോർ വുമൺ ഡെവലപ്‌മെന്റ് സ്റ്റഡീസ് സ്ഥാപകാംഗവും വൈസ് ചെയർപേഴ്സണുമായിരുന്നു.
ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. പ്രൊഫ. മധുര സ്വാമിനാഥൻ, നിത്യറാവു എന്നിവർ മക്കളാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ .സ്റ്റാലിൻ, ഗവർണർ ആർ.എൻ. രവി തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.