
പ്രായഭേദമന്യേ എല്ലാവരുടേയും ശരീരത്തിന് പോഷകങ്ങൾ ആവശ്യമാണ്. കുട്ടികളുടെ ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും സമീകൃതഭക്ഷണം അത്യാവശ്യമാണ്. പ്രോട്ടീന്റെ ഉറവിടമായ മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ അടങ്ങിയിട്ടുണ്ട്. ഇത് ഓർമശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ബുദ്ധി വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സഹായിക്കുന്നതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനായും ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള മത്സ്യം കഴിക്കുക. ആന്റി ഓക്സിഡന്റായ വൈറ്റമിൻ ഇ യാൽ സമ്പുഷ്ടമാണ് പീനട്ട് ബട്ടർ. ഇത് ബ്രഡിനൊപ്പംനൽകുന്നത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിന് നല്ലതാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ മുളപ്പിച്ച പയർ ശീലമാക്കാം. ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക് ബാക്ടീരിയയും അടങ്ങിയിട്ടുള്ള തൈര് മസ്തിഷ്‌ക കോശങ്ങളുടെ പ്രവർത്തനവും വളർച്ചയും മെച്ചപ്പെടുത്തുന്നു. പ്രോട്ടീനും അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുള്ള വാൽനട്ട്, ബദാം, പിസ്ത, അണ്ടിപരിപ്പ് പോലുള്ള നട്സുകൾ എല്ലാപ്രായക്കാരും കഴിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണത്തിൽ ഒന്നുശ്രദ്ധിച്ചാൽ തലച്ചോറിനെയും സംരക്ഷിക്കാൻ നമുക്ക് സാധിക്കും.