
മോസ്‌കോ : യുക്രെയിനെതിരായ യുദ്ധത്തിൽ ചൈനയിൽ നിന്ന് സൈനിക സഹായം തേടിയെന്ന വാർത്തകൾ നിഷേധിച്ച് റഷ്യ. യുദ്ധം ആരംഭിച്ചതിന് ശേഷം ചൈനയോട് റഷ്യ ആയുധ, സാമ്പത്തിക സഹായം തേടിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യ വിശദീകരണവുമായി രംഗത്തെത്തിയത്. ഡ്രോണുകൾ ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾക്കായി റഷ്യ ചൈനയെ സമീപിച്ചുവെന്ന് വാഷിംഗ്ടൺ അധികൃതരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ചൈനയിൽ നിന്ന് സഹായം വാങ്ങുന്നതിനുളള ഗതികേടില്ലെന്ന് റഷ്യ പറഞ്ഞു. യുക്രെയിനില്‍ റഷ്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും ആള്‍ബലവും റഷ്യക്കുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. റഷ്യ ചൈനയില്‍ നിന്ന് സഹായം തേടിയെന്ന് യു.എസ് ഉദ്യോഗസ്ഥരാണ് ആരോപിച്ചത്. ചൈന സഹായം നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിുരുന്നു.
അതേസമയം . അമേരിക്ക വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും യുക്രെയിന്‍ വിഷയത്തില്‍ ചൈനയെ ലക്ഷ്യം വെക്കുകയാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് പറഞ്ഞു. യുഎസ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. യുഎസിന്റേയും ചൈനയുടേയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ റോമിൽ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പായിരുന്നു റഷ്യയുടേയും ചൈനയുടേയും വിശദീകരണം.