amir-khan

മുംബയ്: ബോളിവുഡിലെ തിരക്കേറിയ അഭിനേതാവാണ് അമീ‌ർ ഖാൻ. എങ്കിൽ പോലും അദ്ദേഹത്തിന്റെ മകൻ ജുനൈദിന് അഭിനയമേഖലയിലേക്ക് കടക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല എന്ന് പറയുകയാണ് അമീർ ഖാൻ. തന്റെ 57ാം ജന്മദിനത്തിന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അമീർ തന്റെ മകനെ കുറിച്ച് സംസാരിച്ചത്.

ജുനൈദിന് അഭിനയത്തിൽ താത്പര്യമുണ്ടായിരുന്നെന്നും ഇത് മനസിലാക്കിയ താൻ മകനെ ലോസ് ഏഞ്ചൽസിലെ ഡ്രാമാ സ്കൂളിൽ രണ്ട് വർഷത്തെ പരിശീലനത്തിന് അയച്ചിരുന്നതായും അമീർ ഖാൻ പറഞ്ഞു. പരിശീലന പരിപാടി കഴിഞ്ഞ് ഒരു വർഷത്തോളം അവിടെ തന്നെയുള്ള ഒരു അഭിനയ കളരിയിൽ പ്രവർത്തിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മകന് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചില്ല എന്ന് താരം വ്യക്തമാക്കി. മുംബയിൽ മടങ്ങിയെത്തിയ ശേഷം ആറോളം നാടക കമ്പനികളുമായി സഹകരിച്ച ജുനൈദ് മിരാ നായരുടെ 'എ സ്യൂട്ടബിൾ ബോയ്' എന്ന ചിത്രത്തിലടക്കം അവസരങ്ങൾ തേടി ഓഡിഷൻ ടെസ്റ്റുകളിൽ പങ്കെടുത്തെന്ന് അമീർ ഖാൻ പറഞ്ഞു.

ഇരുപതോളം ചിത്രങ്ങളുടെ ഓഡിഷനിൽ പങ്കെടുത്തെങ്കിലും അവിടെയൊന്നും ജുനൈദിന് അവസരം ലഭിച്ചിരുന്നില്ലെന്നും അതിന് കാരണം ജുനൈദ് തന്റെ മകനാണെന്ന് അവർക്കാർക്കും അറിയാത്തത് കൊണ്ടാണെന്നും അമീർ പറഞ്ഞു. ജുനൈദിന് ആ ചിത്രങ്ങളിൽ ഒന്നും അവസരം ലഭിക്കാത്തതിൽ തനിക്ക് സന്തോഷമുണ്ടെന്നും കാരണം തന്റെ മകൻ എന്ന പേരിൽ അവസരം ലഭിക്കുന്നതിനേക്കാൾ സ്വന്തം കഴിവ് കൊണ്ട് മകൻ ഉയർന്നു വരുന്നതിലാണ് തന്റെ അഭിമാനമെന്നും അമീർ ഖാൻ പറഞ്ഞു.

എന്നാൽ മകന് ഇപ്പോൾ ഒരു ചിത്രത്തിൽ അവസരം ലഭിച്ചിട്ടുണ്ടെന്നും അതിൽ തനിക്ക് അതീവ സന്തോഷമുണ്ടെന്നും അമീ‌ർ പറഞ്ഞു. തന്റെ പിതാവിന്റെ ഒരുവിധത്തിലുള്ള സഹായവും കൂടാതെ സ്വപ്രയത്നത്താലാണ് ജുനൈദ് ഊ ചിത്രത്തിന്റെ ഭാഗമായതെന്നും അതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും അമീർ വ്യക്തമാക്കി.