
ന്യൂയോർക്ക്: ഒരു കാറിനകത്ത് അഞ്ച് പേരെ കയറ്റുന്ന പാട് നമുക്കറിയാം. ആ സ്ഥിതിക്ക് കാറിനുള്ളിൽ ഒരു സ്വിമ്മിംഗ് പൂളും, ഗോൾഫ് കോഴ്സും ഒരു ഹെലിപാഡും കൂടി നിർമിച്ചാലോ? അത്തരമൊരു കാറിനെ പരിചയപ്പെടാം. കാറല്ല, ഒരു ലിമോസിൻ ആണ് നമ്മുടെ താരം. അമേരിക്കൻ ഡ്രീം എന്ന ഈ ലിമോസിൻ 1986ലാണ് ആദ്യമായി നിർമിക്കുന്നത്. കസ്റ്റമൈസ്ഡ് കാറുകൾ നിർമിക്കുന്ന ജേയ് ഓർബർഗ് എന്ന വ്യക്തിയാണ് ഈ വാഹനം ആദ്യമായി നിർമിച്ചത്. അന്ന് തന്നെ 60 അടിയോളം നീളമുണ്ടായിരുന്ന അമേരിക്കൻ ഡ്രീമിന് ഏറ്റവും നീളമുള്ള കാറെന്ന ഗിന്നസ് ബുക്ക് റെക്കാഡ് സ്വന്തമായുണ്ടായിരുന്നു.
ഈയടുത്ത് ഏതാണ്ട് നാമാവശേഷമായ ലിമോസിനിനെ ഏതാനും വാഹനപ്രേമികൾ ചേർന്ന് വീണ്ടും പുതുക്കിയെടുക്കുകയായിരുന്നു. കാറിന്റെ നീളം 40 അടിയോളം വീണ്ടും വർദ്ധിപ്പിച്ച ഇവർ അമേരിക്കൻ ഡ്രീമിന്റെ സ്വന്തം റെക്കാഡ് തിരുത്തിയെഴുതി. നിലവിൽ കാറിന് 30.54 മീറ്റർ നീളമുണ്ട്. യഥാർത്ഥ അമേരിക്കൻ ഡ്രീമിനും ഹെലിപാഡ് സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇതുവരെ ആരും ഒരു ഹെലികോപ്ടർ ഇറക്കിനോക്കിയിരുന്നില്ല. എന്നാൽ പുത്തൻ അമേരിക്കൻ ഡ്രീമിന്റെ ഹെലിപാഡിൽ ഒരു യഥാർത്ഥ ഹെലികോപ്ടർ ഇറക്കികൊണ്ടാണ് ഇതിന്റെ കാര്യക്ഷമത പുതിയ ഉടമസ്ഥർ ഗിന്നസ് അധികൃതർക്ക് ബോദ്ധ്യപ്പെടുത്തി കൊടുത്തത്.
26 ടയറുകളും രണ്ട് എൻജിനുകളുമാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. വാഹനത്തിന്റെ രണ്ട് വശത്തും ഘടിപ്പിച്ചിട്ടുള്ള വി 8 എൻജിനുകളാണ് അമേരിക്കൻ ഡ്രീമിന് കരുത്ത് പകരുന്നത്. വാഹനത്തിന്റെ രണ്ട് വശത്തും ഡ്രൈവറിനുള്ള കാബിൻ ഉണ്ട്.
ഏകദേശം 75ഓളം യാത്രക്കാർക്ക് ഒരേ സമയം യാത്രചെയ്യാൻ സാധിക്കുന്ന അമേരിക്കൻ ഡ്രീമിന്റെ ഒരു കുറവെന്ന് പറയുന്നത് എളുപ്പം വളയ്ക്കാൻ സാധിക്കില്ലെന്നതാണ്.അതിനാൽ തന്നെ അധികം വളവുകളില്ലാത്ത റോഡുകളിൽ മാത്രമേ ഇത് ഓടിക്കാൻ സാധിക്കുകയുള്ളൂ. കൂടുതലും പാർട്ടി ആവശ്യങ്ങൾക്കു വേണ്ടിയായിരിക്കും ഈ വാഹനം ആളുകൾ ഉപയോഗിക്കുക.