
പത്തനംതിട്ട : ഒരു വർഷത്തിനിടെ സംസ്ഥാനത്ത് ടയറിന്റെ വില ഉയർന്നത് ഏഴു തവണ. വില വർദ്ധന താങ്ങാനാവാതെ വാഹനങ്ങൾ കട്ടപ്പുറത്താകുന്ന അവസ്ഥയാണെന്ന് വാഹന ഉടമകൾ പറയുന്നു. അതേസമയം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾക്ക് വിരുദ്ധമായാണ് വില വർദ്ധനയെന്ന് ചെറുകിട ടയർ വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം 4500 രൂപ വിലയുണ്ടായിരുന്ന ഒരു ടയറിന് എഴു തവണയായി അഞ്ചു ശതമാനം വീതം വില ഉയർന്നു. ഇപ്പോൾ 5750 രൂപയായി. ഹെവി വാഹനങ്ങളുടെ ടയറിന് 1500 രൂപ വരെ വില ഉയർന്നു. വിപണിയിൽ സംഘടിതമായി ടയർ വില ഉയർത്തുകയും സ്വാഭാവിക റബറിന്റെ വിലയിടിക്കുകയും ചെയ്തതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ അഞ്ച് വൻകിട ടയർ കമ്പനികൾക്ക് 1788 കോടി രൂപ കേന്ദ്രസർക്കാർ പിഴയിട്ടത് മാസങ്ങൾക്കു മുമ്പാണ്.
ഉപഭോക്താകൾ സംഘടിതരല്ലെന്ന തിരിച്ചറിവാണ് കമ്പനികളെ വൻ കൊള്ളയ്ക്ക് പ്രേരിപ്പിക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിപണിയിൽ റബർ വില കൂടുന്നതു മറയാക്കി ടയർ വില കുത്തനെ കൂട്ടാനുള്ള ശ്രമമാണ് കമ്പനികളുടേതെന്ന് ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഒരിക്കൽ വർദ്ധിപ്പിച്ച വില പിന്നീട കുറയ്ക്കാറില്ല. നേരത്തെ വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു ടയറുകൾക്ക് കമ്പനികൾ വില വർദ്ധിപ്പിച്ചിരുന്നത്. ഈ സാമ്പത്തികവർഷമാണ് വില ക്രമാതീതമായി ഉയർന്നിട്ടുള്ളത്.