
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കസ്റ്റഡി മർദനമെന്ന് പരാതി. ആറ്റിങ്ങൽ എസ് ഐ രാഹുൽ മർദിച്ചെന്നാണ് അരുൺരാജ് എന്ന യുവാവിന്റെ പരാതി. ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട് അരുൺ രാജ് അടക്കം മൂന്ന് പേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടു.
വൈദ്യപരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിൽവച്ച് എസ് ഐ തന്നെ മർദിച്ചെന്നാണ് അരുൺ രാജ് ആരോപിക്കുന്നത്. യുവാവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. എന്നാൽ മർദിച്ചിട്ടില്ലെന്നും ബാറിലെ സംഘർഷത്തിനിടയിൽ ഉണ്ടായ പാടുകളായിരിക്കുമെന്നുമാണ് പൊലീസ് പറയുന്നത്.
ബാറിൽ സംഘർഷം നടത്തിയ ആൾക്കാർ ഓടിരക്ഷപ്പെട്ടെന്നും, തടയാൻ സ്ഥലത്തെത്തിയ തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്നും അരുൺ പറഞ്ഞു. ഇയാൾ വലിയകുന്നിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
അതേസമയം തിരുവല്ലം കസ്റ്റഡി മരണത്തിലെ അന്വേഷണം സർക്കാർ സിബിഐയ്ക്ക് വിട്ടു. ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ അറസ്റ്റിലായ സുരേഷാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.