
കോട്ടയം: പ്രോവിഡന്റ് ഫണ്ടിലെ തകരാർ പരിഹരിച്ചതിന് പ്രത്യുപകാരമായി ലൈംഗികാവശ്യം ഉന്നയിച്ച് അദ്ധ്യാപികയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ ഗെയിൻ പി.എഫ് (ഗവൺമെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷൻസ്) സംസ്ഥാന നോഡൽ ഓഫീസർ വിനോയ് ചന്ദ്രന് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കൂടിയാണ് കണ്ണൂർ തളിക്കാവ് സ്വദേശി ആർ.വിനോയ് ചന്ദ്രനെതിരെ നടപടിയെടുത്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉടന്‍ നടത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സാങ്കേതിക തകരാർ മൂലം 2017 മുതൽ അദ്ധ്യാപികയുടെ പി.എഫ് തുക അക്കൗണ്ടിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതുകാരണം ലോണെടുക്കാൻ കഴിയാത്തതിനെ തുടർന്നാണ് പരാതിക്കാരി വിനോയ് ചന്ദ്രനെ സമീപിച്ചത്. തുടർന്ന് നിരന്തരം വാട്സ് ആപ്പിലൂടെ വിനോയ് ശല്യം തുടങ്ങി. പലതവണ ലൈംഗികാവശ്യമുന്നയിച്ച് വിനോയ് തന്റെ സ്വകാര്യ ചിത്രങ്ങൾ അദ്ധ്യാപികയുടെ വാട്സ് ആപ്പിലേക്ക് അയച്ചു. രണ്ടാഴ്ച മുൻപ്, തകരാർ പരിഹരിച്ചെന്നും നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ട് കോട്ടയത്തെ ലോഡ്‌ജിലേക്കു ക്ഷണിച്ചു. ഇതോടെയാണ് അദ്ധ്യാപിക വിജിലൻസിനെ സമീപിച്ചത്.
തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്‌ജിൽ മുറിയെടുത്ത ശേഷം അദ്ധ്യാപികയെ വിളിച്ച് 42 സൈസിൽ ഇഷ്ട നിറമുള്ള ഷർട്ടുമായി വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദ്ധ്യാപിക എത്തുമ്പോഴേക്കും ലോഡ്‌ജ് പരിസരത്ത് വിജിലൻസ് സംഘവും നിലയുറപ്പിച്ചിരുന്നു. ലോഡ്ജ് മുറിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.