aap

ന്യൂഡൽഹി : ഡൽഹിയിലും പഞ്ചാബിലും അധികാരം നേടിയതിന് പിന്നാലെ രാ‌ജസ്ഥാനിലും വേരുറപ്പിക്കാൻ തയാറെടുത്ത് ആംആദ്‌മി പാർട്ടി. കഴിഞ്ഞ രണ്ട് ദശാബ്‌ദങ്ങളായി കോൺഗ്രസും ബി‌ജെപിയും മാറിമാറി ഭരിച്ചിരുന്ന രാ‌ജസ്ഥാനിൽ 2023 ലാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസാണ് ഇപ്പോൾ രാജസ്ഥാൻ ഭരിക്കുന്നത്. ഭൈരോൺ സിംഗ് ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി 1977 നും 1980 നും ഇടയിൽ അധികാരത്തിലിരുന്നത് ഒഴിച്ചാൽ കോൺഗ്രസിനോ ബി.ജെ.പിയ്‌ക്കോ അനുകൂലമായാണ് രാജസ്ഥാനിലെ ജനങ്ങൾ വോട്ട് ചെയ്‌തിട്ടുള്ളത്.

പഞ്ചാബ് നേടിയത് പോലെ രാജസ്ഥാനും സ്വന്തമാക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി ദേവേന്ദ്ര ശാസ്ത്രി പറയുന്നത്. ഭാരിച്ച വെെദ്യുത ചെലവ് രാജസ്ഥാനെ വീ‌ർപ്പുമുട്ടിയ്ക്കുകയാണ്. പഞ്ചാബിലെയും രാജസ്ഥാനിലെയും വെെദ്യുതി ചെലവിന് പരിഹാരം കണ്ടെത്തിയ ആംആദ്‌മിയ്ക്ക് രാജസ്ഥാനിലും ഇത് ആവർത്തിക്കാനാകുമെന്ന് ദേവേന്ദ്ര ശാസ്ത്രി പറഞ്ഞു.

2018 ലെ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 200 ൽ 140 സീറ്റുകളിലും ആംആദ്‌മി മത്സരിച്ചെങ്കിലും ഒന്നിൽ പോലും വിജയിക്കാനായിരുന്നില്ല. എന്നാലിപ്പോൾ അരവിന്ദ് കെജ്‌രിവാളും സംഘവും കരുത്തരാണ്. പഞ്ചാബ് തിരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയം രാജസ്ഥാൻ പിടിക്കാനുള്ള ആംആദ്‌മിയുടെ മോഹങ്ങൾക്ക് കരുത്ത് പകർന്നിട്ടുണ്ട്. മറ്റേതെങ്കിലും പാർട്ടിയുമായി രാജസ്ഥാനിൽ സഖ്യമുണ്ടാക്കുന്ന കാര്യത്തിലും ഉചിതമായ സമയത്ത് തീരുമാനമുണ്ടാക്കുമെന്നും ദേവേന്ദ്ര ശാസ്ത്രി കൂട്ടിചേ‌‌ർത്തു.