hasan

തൃശൂർ: നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ഇന്തോനേഷ്യൻ യുവതിയുടെ പരാതിയിൽ സുഹൃത്തായ തൃശൂർ തളിക്കുളം സ്വദേശി പിടിയിൽ. തളിക്കുളം ഇടശേരി പുതിയവീട്ടിൽ ഹസനെ (29) യാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരി ഇന്തോനേഷ്യയിൽ അദ്ധ്യാപികയാണ്. ഇവർ ഡിജിപിക്ക് ഇമെയിലിലൂടെയാണ് പരാതി നൽകിയത്. ഹസൻ ദുബായിലായിരുന്നു. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഉടൻ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിക്കാരിയും ഇയാളും സൗഹൃദത്തിലായിരുന്നു. ഇരുവരും തമ്മിൽ പിരിഞ്ഞതിന് പിന്നാലെ ഹസൻ അദ്ധ്യാപികയുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചു. ഈ അക്കൗണ്ടിലേക്ക് എഡിറ്റ് ചെയ്ത നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

യുവതിയുടെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രതി ദൃശ്യങ്ങൾ അയച്ചുനൽകിയിരുന്നു. 2019ലാണ് യുവതി ഡിജിപിക്ക് പരാതി നൽകിയത്. സൈബർ ക്രൈം ഇൻസ്‌പെക്ടർ പി.കെ. പത്മരാജനും സംഘവുവുമാണ് പ്രതിയെ പിടികൂടിയത്.