
വാഷിംഗ്ടൺ : അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് പറന്ന മിസൈൽ വിക്ഷേപണത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസിന്റെ വാർത്താ സമ്മേളനത്തിലാണ് മാദ്ധ്യമപ്രവർത്തകർ മിസൈൽ സംബന്ധിച്ച ചോദ്യം ഉയർത്തിയത്. എന്നാൽ സാങ്കേതിക തകരാർ നിമിത്തമാണ് മിസൈൽ പറന്നുയർന്നതെന്നാണ് കരുതുന്നതെന്നും, മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് ഒൻപതിന് അവർ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അതിനപ്പുറം തങ്ങൾക്ക് അഭിപ്രായവുമില്ലെന്നുമാണ് അമേരിക്ക വ്യക്തമാക്കിയത്. അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്നും അയൽരാജ്യത്തേയ്ക്ക് മിസൈൽ വിക്ഷേപിച്ചതിനെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ ഇന്ന് വിശദീകരണം നൽകും.
ഇന്ത്യയിലെ ഹരിയാനയിലെ സിർസ ഭാഗത്തുനിന്നുമാണ് തങ്ങളുടെ അതിർത്തി ഭേദിച്ച് മിസൈൽ എത്തിയതെന്നാണ് പാകിസ്ഥാൻ അവകാശപ്പെട്ടത്. എന്നാൽ പിന്നീട് ഇന്ത്യ ഔദ്യോഗികമായി മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചു എന്ന് സമ്മതിച്ചിരുന്നു. ഏത് മിസൈലാണ് അതിർത്തി ഭേദിച്ചതെന്ന് ഇന്ത്യ വ്യക്തമാക്കിയില്ലെങ്കിലും ബ്രഹ്മോസാണെന്നാണ് വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. വിക്ഷേപണത്തെക്കുറിച്ച് ഇന്ത്യൻ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ലെന്ന പാക് വാദവും കളവ് നിറഞ്ഞതായിരുന്നു. അബദ്ധത്തിൽ മിസൈൽ പറന്നതിന് തൊട്ട് പിന്നാലെ ഇന്ത്യ പാകിസ്ഥാനെ സംഭവത്തെ കുറിച്ച് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാകിസ്ഥാൻ മറച്ച് വച്ചു. ഇതിന് പുറമേ തങ്ങളുടെ അതിർത്തി ഭേദിച്ച് മൂന്ന് മിനിട്ടും 44 സെക്കൻഡും കൊണ്ട് 124 കിലോമീറ്റർ പാക് ആകാശത്ത് മിസൈൽ സഞ്ചരിച്ചു എന്ന പാകിസ്ഥാന്റെ വെളിപ്പെടുത്തലും അവർക്ക് തന്നെ തിരിച്ചടിയായി. ഇത്രയും സമയം ലഭിച്ചിട്ടും പാകിസ്ഥാന്റെ ആകാശ പ്രതിരോധ സംവിധാനം പ്രവർത്തിച്ചില്ല, അവർക്ക് മിസൈലിനെ തടയാനും കഴിഞ്ഞില്ല. അടുത്തിടെയാണ് ചൈനയിൽ നിന്നും പാകിസ്ഥാൻ എയർ ഡിഫൻസ് സംവിധാനം വാങ്ങിയത്. ഇതോടെ മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചതല്ലെന്നും പാക് സംവിധാനങ്ങളെ പരീക്ഷിക്കാൻ ഇന്ത്യ ചെയ്തതാണെന്നും വാദമുയരുന്നുണ്ട്.