kapil-sibal-rahul-gandhi

ന്യൂഡൽഹി: പഞ്ചാബിൽ രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്ന് കോൺഗ്രസ് ജി 23 നേതാവ് കപിൽ സിബൽ. ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നെഹ്റു കുടുംബത്തിനെയും രാഹുൽ ഗാന്ധിയെയും നിശിതമായി വിമർശിച്ച് രംഗത്തു വന്നത്. പദവി രാജി വച്ചിട്ടും രാഹുൽ ഗാന്ധി തന്നെയാണ് ഇപ്പോഴും കോൺഗ്രസ് അദ്ധ്യക്ഷൻ. കോൺഗ്രസ് നേതൃത്വം ഒരു സാങ്കൽപിക ലോകത്താണെന്നും അതിൽ ചിലർ പാർട്ടിയെ ഒരു വീട്ടിൽ മാത്രമായി ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടിയുടെ അദ്ധ്യക്ഷനല്ലെങ്കിലും രാഹുൽ ഗാന്ധിയാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. രാഹുൽ ഇപ്പോൾ തന്നെ പാർട്ടിയുടെ പ്രസിഡന്റിനെ പോലെയാണ് പെരുമാറുന്നത്. എങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹത്തെ തിരികെ ആ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് ചിലർ ആവശ്യപ്പെടുന്നത്. കോൺഗ്രസ് എന്നത് പ്രവർത്തക സമിതി മാത്രമല്ല. അതിലെ അംഗങ്ങളെന്നത് നേതൃത്വത്തിന്റെ നോമിനികൾ മാത്രമാണ്. അതിനു പുറത്തേക്കും പാർട്ടിയുണ്ട്. അവരുടെ ശബ്ദവും നേതൃത്വം കേൾക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ ചിലർക്ക് വേണ്ടത് ഘർ കി കോൺഗ്രസ് ആണ്. എന്നാൽ എനിക്കതല്ല ആവശ്യം. എന്റെ ആഗ്രഹം സബ് കി കോൺഗ്രസാണ്. അതായത് എല്ലാവരുടെയും കോൺഗ്രസ്. അതിനായി ഞാൻ അവസാനം വരെ പോരാടും. സബ് കി കോൺഗ്രസ് എന്നാൽ എല്ലാവരും ഒന്നിച്ചു കൂടുക എന്നു മാത്രമല്ല. മറിച്ച് ബിജെപിയെ ആഗ്രഹിക്കാത്ത എല്ലാവരെയും ഒന്നിച്ചുനിർത്തുക എന്നതാണ്. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. 2014 മുതൽ കോൺഗ്രസ് താഴേക്ക് പോവുകയായിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി ഭരിച്ചിരുന്ന സംസ്ഥാനങ്ങളെല്ലാം കൈവിട്ടുപോയി. വിജയിച്ച സംസ്ഥാനങ്ങളിൽ പോലും തങ്ങളുടെ എംഎൽഎമാരെ ഒരുമിച്ച് നിറുത്താൻ പറ്റിയില്ല. അതിനൊപ്പം നേതൃത്വത്തിലെ പ്രധാന വ്യക്തിത്വങ്ങൾ പാർട്ടി വിട്ടു. 2014 മുതൽ എംപിമാരും എംഎൽഎമാരുമടക്കം 177 പേർ കോൺഗ്രസ് വിട്ടുവെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ഇത്തരത്തിലുള്ള ഒരു കൊഴിഞ്ഞുപോക്ക് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം പാർട്ടിയിൽ ഇപ്പോൾ അവസരവാദികളുടെ കാലമാണെന്നും പാർട്ടിയുടെ പൂർണ നിയന്ത്രണം സോണിയ ഗാന്ധി തന്നെ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലിയും രംഗത്തു വന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത് ഇതിന്റെ കാരണങ്ങൾ കണ്ടെത്തി അടിയന്തരമായി തിരുത്തുകയാണ് വേണ്ടത്. ഈ തോൽവിയിൽ ഒരു പ്രവർത്തകനും ഒരു നേതാവും പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് ജി 23 നേതാക്കളിൽ ഒരാളായിരുന്ന മൊയ്ലി ഇപ്പോൾ അവരിൽ നിന്ന് അകലം പാലിക്കുകയാണ്.

താൻ ഒരിക്കലും പാർട്ടിയെ കുറ്റപ്പെടുത്തുന്നില്ല. നേതൃത്വത്തിന്റെ പ്രവർത്തന രീതിയിൽ മാറ്റം വരണം എന്നു തന്നെയാണ് താനും ആഗ്രഹിക്കുന്നത്. മോശം അവസ്ഥയിലൂടെ പോകുമ്പോൾ നേതൃത്വത്തെ ലക്ഷ്യം വയ്ക്കുന്ന പ്രസ്താവനകൾ പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽക്ക് തന്നെ ഗാന്ധി കുടുംബത്തിന് വലിയ ജനപിന്തുണയുണ്ട്. പ്രധാനമന്ത്രിയാകാനുള്ള സാദ്ധ്യത കൈവന്നിട്ടും അതിന് തയ്യാറാകാതെ ആ സ്ഥാനം മറ്റൊരാൾക്ക് വിട്ടു നൽകിയ വ്യക്തിയാണ് സോണിയയെന്ന് മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സോണിയ ഗാന്ധി പിന്മാറിയപ്പോൾ ആ സ്ഥാനം രാഹുൽ ഗാന്ധിക്ക് ലഭിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല, എന്നിട്ടും പ്രധാന മന്ത്രിയായി രാജ്യം കണ്ട ഏറ്റവും മികച്ച സാന്പത്തിക വിദഗ്ദനായ മൻമോഹൻ സിംഗിനെ കൊണ്ടു വരികയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.