
ഐതിഹ്യ ങ്ങളിൽ  പ്രചരിക്കപ്പെട്ടിട്ടുള്ള അവതാര പുണ്യകഥകളിൽ നിന്നും തികച്ചും വ്യത്യസ്തവും 
വിസ്മയകരവും  സംഭ്രമജനകവുമാണ് പാലൻ പുലയൻ ഐതിഹ്യം...
നവോത്ഥാനത്തിന്റെ  മണിയടിയൊച്ചകൾ കേരളത്തിൽ പ്രകമ്പനം കൊള്ളുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ , ജാതീയത അതിന്റെ കരാള ഹസ്തങ്ങളാൽ സർവ്വതും അടക്കിവാണ പ്രതാപകാലത്ത് ഒരു നായർ ജന്മി തന്റെ ജോലിക്കാരനായ പുലയന് ക്ഷേത്രം പണിത് ആരാധന നടത്തി വന്നു എന്ന് കേട്ടാൽ കേരളം ഇന്നൊരു പക്ഷേ ആശ്ചര്യപ്പെട്ടേക്കാം. പക്ഷേ യാഥാർത്ഥ്യമാണ്. നാനാജാതി മതസ്ഥർക്ക് ഐശ്വര്യവും അനുഗ്രഹവും ചൊരിഞ്ഞ് ആ പുലയ ദൈവം പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്ത് കാഞ്ഞീറ്റുകരയിൽ ഇന്നും വാഴുന്നു.
പാലൻ പുലയൻ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രം സ്ഥാപിക്കപ്പെട്ടതിന്റെ കൃത്യമായ രേഖകളൊന്നുമില്ല.500 വർഷത്തെയെങ്കിലും പഴക്കം ക്ഷേത്രത്തിനുണ്ടന്നാണ് കണക്കുകൂട്ടൽ. പുനഃപ്രതിഷ്ഠയും മറ്റ് നവീകരണ പ്രവർത്തനങ്ങളും തുടങ്ങിയിട്ടു തന്നെ 200 വർഷം കഴിയുന്നു. പഴക്കം കൂടുന്തോറും കാഞ്ഞീറ്റുകരക്കാരുടെയും പരിസര പ്രദേശത്തുകാരുടെയും പുലയ ദൈവത്തിലുള്ള വിശ്വാസം വർദ്ധിക്കുകയാണ്. ആരാധന നടത്താനും വഴിപാടുകൾ സമർപ്പിക്കാനും നൂറ് കണക്കിനാളുകൾ ദിവസവും ഇവിടെ എത്തുന്നു.
ഇതാണ് പാലന്റെ  കഥ
ഐതിഹ്യങ്ങളിൽ പ്രചരിക്കപെട്ടിട്ടുള്ള അവതാര പുണ്യകഥകളിൽ നിന്നും തികച്ചും വ്യത്യസ്തവും വിസ്മയകരവും സംഭ്രമജനകവുമാണ് പാലൻ പുലയൻ ദൈവത്തെക്കുറിച്ചുള്ള ഐതിഹ്യം അഥവാ ചരിത്രം. നവോത്ഥാനത്തിന്റെ ചാട്ടവാറടിയേറ്റു കുഴഞ്ഞ് വീഴുന്നതു വരെ സവർണ്ണ മേധാവിത്വവും ജന്മിത്വവും കേരളം അടക്കിവാണു എന്നത് ചരിത്രമാണല്ലോ. പുലയ സമുദായത്തിൽ പെട്ട പാലൻ, ചിറ്റേടത്ത് എന്ന നായർ ജന്മി കുടുംബത്തിലെ അടിയാനായിരുന്നു. കാഞ്ഞീറ്റു കരക്കടുത്ത മേലുകരയിലെ പ്രശസ്തമായ നായർ തറവാടായിരുന്നു ചിറ്റേടത്ത് കുടുംബം. ഈ കുടുംബവക ഭൂമിയിലെ കൃഷിപ്പണികൾ ചെയ്യുന്നതിനിടയിൽ പറമ്പിൽ നിന്നും സ്വർണനാണയങ്ങൾ നിറച്ച ചെമ്പുകുടം ലഭിച്ചുവെന്നും പാലൻ ഈ കുടം ചിറ്റേടത്ത് കുടുംബത്തിലെത്തിച്ച് തിരിച്ചു വരുന്ന വഴി പാലനെ പുലി  ആക്രമിച്ചെന്നും  അരോഗദൃഢ ഗാത്രനായ പാലൻ ഏറെ നേരം പുലിയുമായി മൽപ്പിടുത്തം നടത്തിയതിനു ശേഷം പുലിയെ കൊന്നെന്നും എന്നാൽ പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാലൻ പിന്നീട് മരിച്ചുവെന്നും പറയപ്പെടുന്നു. പാലന്റെ മരണം നാട്ടിൽ കാട്ടുതീ പോലെ പടർന്നു. പുലിയുമായുള്ള മൽപ്പിടുത്തവും പുലിയെ വകവരുത്തിയതുമെല്ലാം മരണശേഷം പാലന് നാട്ടിൽ വീരപരിവേഷം നൽകി. നിധി ലഭിച്ച ചിറ്റേടത്ത് കുടുംബത്തിൽ ആകട്ടെ രോഗവും ദുരിതങ്ങളും ഒന്നിനു പിന്നാലെയായി അനർത്ഥങ്ങൾ സംഭവിക്കാൻ തുടങ്ങി. പാലനിൽ നിന്നും നിധി ഏറ്റുവാങ്ങിയ കാരണവരും പെട്ടെന്ന് മരണത്തിനു കീഴടങ്ങിയപ്പോൾ കുടുംബത്തിന്റെ ആധി വർദ്ധിച്ചു. അവർ ഒരു ജ്യോതിഷിയുടെ സഹായം തേടി. ദുർമരണമടഞ്ഞ പാലന്റെ ആത്മാവിന് ശാന്തി കിട്ടാതെ കുടുംബത്തിൽ  അനർത്ഥങ്ങൾ ഒഴിയില്ലെന്നും അതിനാൽ പാലന്റെ  ആത്മാവിനെ ബന്ധിച്ച്  കൂടിയിരുത്തി  നിത്യവും വിളക്കും പൂജയും നൽകണമെന്നും പ്രശ്നവിധിയുണ്ടായി. അങ്ങനെ കുമ്പിൾ തടിയിൽ പാലന്റെ മനുഷ്യ രൂപം കൊത്തിയുണ്ടാക്കി പ്രതിഷ്ഠിച്ചു. രാവിലെയും വൈകിട്ടും വിളക്ക് തെളിച്ചു. ഇതോടെ ചിറ്റേടത്ത് കുടുംബത്തിലെ അനർത്ഥങ്ങൾ നിലച്ചു. ഇത് നാട്ടുകാരിൽ പാലൻ എന്ന  വിശ്വാസം വർദ്ധിപ്പിച്ചു. ആ വിശ്വാസം തലമുറകൾ കൈമാറി ഇന്നും തുടരുന്നു.
വ്യത്യസ്ത വഴിപാടുകളും ആരാധനയും
കാഞ്ഞീറ്റുകര ജംഗ്ഷനിൽ നിന്നും കനാൽ ജംഗ്ഷനിലേക്കുള്ള റോഡരുകിലാണ് പാലൻ പുലയൻ ക്ഷേത്രം. ചിറ്റേടത്ത് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും വിളിപ്പുറത്തുള്ള ഉഗ്രമൂർത്തിയായി ഇന്ന് പാലൻ മാറികഴിഞ്ഞു. ചിറ്റേടത്ത് കുടുംബ ട്രസ്റ്റാണ് ക്ഷേത്ര ഭരണം. മറ്റ് ക്ഷേത്രങ്ങളിലെ പോലെ പൂജാരിയില്ല. പ്രതിമയിൽ ഉടയാട ചാർത്തി വിളക്ക് തെളിക്കും. ഉദ്ദിഷ്ടകാര്യത്തിന് ഭക്തന് മനസ്സിൽ തോന്നുന്നതെന്തും ഇവിടെ വഴിപാടായി ദൈവത്തിന് നേരിട്ട് സമർപ്പിക്കാം. വെറ്റിലയും അടുക്കും പട്ടും വസ്ത്രവും കപ്പയും മീനും മദ്യവും ഇറച്ചിയും തുടങ്ങി  മനുഷ്യൻ ഉപയോഗിക്കുന്നതെന്തും വഴിപാടായി നൽകാം. വിളക്ക് കത്തിക്കുന്നവർക്ക് അത് നൽകാം, മെഴുകുതി തിരി  കത്തിക്കുന്നവർക്ക് അതുമാകാം. ക്ഷേത്രത്തിനു മുൻപിൽ തട്ടത്തിൽ ഭസ്മം വെച്ചിരിക്കും. അതാണ് പ്രസാദം. അത് ഭക്തർക്ക് തന്നെ എടുക്കാം. പ്രതിഷ്ഠയിൽ ചാർത്തുന്ന ഉടയാട ഭക്തർ വാങ്ങി വാഹനത്തിൽ കെട്ടുന്നതും, കൃഷി ഭൂമിയിൽ കെട്ടുന്നതും വലിയ വിശ്വാസമാണ്. കൃഷി ഭൂമിയിലെ ആദ്യ വിളവ് എന്താണങ്കിലും അത് പാലന് നൽകാമെന്ന് പറഞ്ഞാൽ കൃഷിക്ക് യാതൊരു ദോഷവും വരാതെ പാലൻ നോക്കി ക്കൊള്ളും. അടുത്ത കാലത്ത് കൃഷികൾ പന്നി നശിപ്പിച്ചപ്പോഴും നേർച്ചയായി വിളകളുമായി കർഷകർ പാലൻ അപ്പൂപ്പന്റെയടുത്തേക്ക് വന്നതായി ക്ഷേത്രം ഭാരവാഹികൾ പറയുന്നു. രാവിലെ 7.30 മുതൽ 9 വരെയും വൈകുന്നേരം 5.30 മുതൽ ഏഴുമണി വരെയുമാണ് നടതുറന്നിരിക്കുന്നത്.
അജ്ഞാതമായി 
പാലന്റെ പിന്മുറ
പാലന്റെ പിൻമുറക്കാരെ പറ്റി യാതൊരു വിവരവും  ലഭ്യമല്ല. പലരും ക്ഷേത്രത്തിലെത്തി ആരാധന  നടത്തി തങ്ങളുടെ അപ്പൂപ്പനാണന്ന് പറയുമെന്നല്ലാതെ സ്ഥിരീകരിച്ച വിവരങ്ങൾ ഒന്നും ലഭ്യമല്ല. കാഞ്ഞീറ്റുകരയിലെ പൊൻ മല ഏരിയ ആയിരുന്നു പാലന്റെ വാസസ്ഥലം. ചിറ്റേടത്ത് കുടുംബത്തിലെ പിൻമുറക്കാരായ സി.കെ.പ്രസന്നൻ പിള്ള സെക്രട്ടറിയും ഗീതാകൃഷ്ണൻ പ്രസിഡന്റുമായുള്ള ഭരണ സമിതിയാണ് ക്ഷേത്ര ഭരണം. 
ഈ കുടുംബത്തിൽ നിന്ന് സമൂഹത്തിലെ ജാതീയമായ ജീർണതകൾക്കെതിരെ പോർമുഖം തുറന്ന്നവോത്ഥാനത്തിന്റെ മാറ്റ് കൂട്ടിയ ഒരു പോരാളി പിറന്നതും ചരിത്രമാണ്. വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയാണ് ആ ധീരനായ പോരാളി. സ്വാതന്ത്ര്യസമര സേനാനി കൂടിയായ ശങ്കുപ്പിള്ള വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കവെ ഒരു പറ്റം യാഥാസ്ഥികരായ സവർണരാൽ ആക്രമിക്കപ്പെട്ടാണ് മരിച്ചത്. ജന്മി കുടുംബത്തിലെ ഭയം ജനിപ്പിച്ച വിശ്വാസമാണ് പാലൻ പുലയൻ ക്ഷേത്രത്തിന്റെ പിറവിക്ക് കാരണമായതെങ്കിലും ഈഴവരുൾപ്പടെയുള്ള ഒരു മനുഷ്യ സമൂഹത്തെ സ്കൂളിൽ കയറ്റാത്ത, പൊതുനിരത്തിൽ നടക്കാൻ അനുവദിക്കാത്ത, അമ്പലത്തിൽ കയറ്റാത്ത ഇരുളടഞ്ഞ ഒരു കാലക്രമം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ പുലയന് ക്ഷേത്രം പണിയാനുള്ള ജന്മിയുടെ തീരുമാനം ചോദ്യം ചെയ്യപെടാനുള്ള സാദ്ധ്യതകൾ ഏറെയാണ്. യാഥാസ്ഥികരായ പ്രമാണിമാരുടെ ചെയ്തികളെ ചോദ്യം ചെയ്ത് മുന്നോട്ട് വന്ന ചരിത്രം ചിറ്റേടത്ത് കുടുംബത്തിനുണ്ടെന്നതാണ് നവോത്ഥാനകാലഘട്ടം വായിക്കുമ്പോൾ ചിറ്റേടത്തു ശങ്കുപിള്ളയിലൂടെ നമുക്ക് ബോദ്ധ്യപ്പെടുന്നതും. ഏതായാലും ഒരു കാലഘട്ടത്തിലെ  ജന്മി  കുടിയാൻ വ്യവസ്ഥിതിയുടെ നേർചിത്രമായി ഈ ക്ഷേത്രം മാറുമ്പോൾ ചരിത്രത്തിന് ഇത് കാവ്യനീതിയാണ്.
(ലേഖകന്റെ ഫോൺ: 9495251000)