
രണ്ടരക്കൊല്ലത്തോളമായി മനുഷ്യരാശിയുടെ സമാധാനം നശിപ്പിക്കുകയാണ് കൊവിഡ് എന്ന മഹാമാരി. നിരവധി ജീവനുകൾ കാർന്നെടുത്ത കൊവിഡ് മനുഷ്യ ജീവിതം ദുസഹമാക്കിത്തീർത്തു. ഇപ്പോഴിതാ കൊവിഡുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പഠനറിപ്പോർട്ട് പുറത്ത് വന്നിരിയ്ക്കുകയാണ്.
കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ചവർ ഇപ്പോഴും മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുകയാണെന്ന് പഠനം കണ്ടെത്തിയിരിക്കുകയാണ്. കൂടുതൽ നാൾ അസുഖബാധിതരായി കിടപ്പിലായവർ കൂടുതൽ നാളുകൾ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നു. ഒരു രോഗി എത്രത്തോളം കിടപ്പിലായിരുന്നുവോ അത്രയും കാലം മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ നീണ്ടുനിൽക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിയ്ക്കുന്നത്. കൂടുതൽ നാളുകൾ കൊവിഡ് ബാധിച്ച് കിടപ്പിലായിരുന്നവർ ഉറക്കക്കുറവ് നേരിടുന്നുവെന്നും പഠനത്തിൽ പറയുന്നു.
കൂടാതെ ചെറിയ ലക്ഷണങ്ങളോട് കൂടി കൊവിഡ് രോഗനിർണയം നടത്തിയ ആളുകൾക്ക് കൊവിഡ് സ്ഥിതീകരിക്കാത്തവരെക്കാളും വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറവാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. ഈ വ്യക്തികൾക്ക് വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്നും പഠനം പറയുന്നു. ഐസ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ സുപ്രധാന പഠനത്തിന് പിന്നിൽ.