vera-wang

പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന കുറച്ചുപേർ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിൽ അമേരിക്കൻ ഫാഷൻ ഡിസൈനർ വേര വാങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വേരയ്ക്ക് എഴുപത്തിരണ്ട് വയസുണ്ടെന്നറിഞ്ഞ് പലരും മൂക്കത്ത് വിരൽവച്ചു.

കൂടിപ്പോയാൽ മുപ്പത് വയസ് തോന്നും എന്നാണ് ചിത്രം കണ്ടവർ പറയുന്നത്. അഞ്ച് കാര്യങ്ങളാണ് തന്റെ സൗന്ദര്യ രഹസ്യമെന്നാണ് പല അഭിമുഖങ്ങളിലും വേര പറഞ്ഞിട്ടുള്ളത്. വ്യായാമം ആണ് ഒന്നാമത്തെ കാര്യം. കഠിന വ്യായാമ മുറകളോട് വേരയ്ക്ക് താത്പര്യമില്ല. ലളിതമായ വ്യായാമ മുറകൾ കുറച്ചുസമയം കൃത്യമായി ചെയ്യും. ഗോൾഫ് കളിക്കാറുണ്ട്. സൈക്കിളും ചവിട്ടും.

ഡയറ്റാണ് മറ്റൊരു സൗന്ദര്യ രഹസ്യം. എല്ലാം കഴിക്കുമെങ്കിലും ഒന്നും അമിതമാകാറില്ലെന്ന് വേര പറയുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കും, ഒരു നേരം പോലും ഒഴിവാക്കില്ല. നന്നായി വെള്ളം കുടിക്കുമെങ്കിലും വർഷങ്ങളായി ശീതളപാനീയങ്ങൾ കഴിക്കാറില്ല. രാത്രി വോഡ്ക കോക്ടെയ്ൽ കുടിക്കും.


ചൂടുവെള്ളത്തിലുള്ള ദൈർഘ്യമേറിയ കുളിയാണ് മറ്റൊരു സൗന്ദര്യ രഹസ്യം. ശരീരവും മനസും ശാന്തമായിരിക്കാൻ ഈ സമയം ഫലപ്രദമാണ്. കുളി കഴിഞ്ഞ ശേഷം മുടിക്കും ചർമത്തിനും ആവശ്യമായ പരിചരണം നൽകുന്നു.

ആരോഗ്യ-സൗന്ദര്യ സംരക്ഷണത്തിൽ ഉറക്കത്തേക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നും ഇല്ലെന്ന അഭിപ്രായക്കാരിയാണ് വേര. കൃത്യനിഷ്ഠയോടെ, ആവശ്യത്തിന് ഉറങ്ങാൻ സാധിച്ചാൽ ദഹനം, ചർമ കോശങ്ങളുടെ പുനരുജ്ജീവനം തുടങ്ങി നിരവധി കാര്യങ്ങൾ ശരിയായി നടക്കും. ട്രെൻഡി വസ്ത്രധാരണമാണ് അടുത്തത്. പുതിയ ഫാഷൻ പരീക്ഷിക്കുന്നതും വേരയ്ക്ക് ഇതും ഊർജമേകുന്നു.