
സാക്ഷാൽ എം.ജി.ആറിന്റെ  ആത്മസുഹൃത്തിനോടുപോലും ഉടക്കേണ്ടിവന്ന മുൻ അക്കൗണ്ടന്റ് ജനറൽ 
ജയിംസ് ജോസഫിന്റെ  ഔദ്യോഗിക കാലഘട്ടത്തിലേക്ക്  ഒരെത്തിനോട്ടം...
ഭരണചക്രം എന്ന യൂട്യൂബ് ചാനൽ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർ അതിന്റെ സ്ഥിരം കാഴ്ചക്കാരാകുമെന്ന് ഉറപ്പ്. കാരണം അത് നിയന്ത്രിക്കുന്നത് മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ. ജോസഫ് ആണ്. സംഭവബഹുലമായ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഓരോ ഏടും കാലികപ്രസക്തിയോടെയാണ് ജയിംസ് കെ. ജോസഫ് അവതരിപ്പിക്കുന്നത്. 38-ാം വയസിൽ അക്കൗണ്ടന്റ്  ജനറൽ പദവിയിൽ എത്തിയ അദ്ദേഹം സേവനകാലാവധി പൂർത്തിയാകാൻ പത്ത് വർഷം പിന്നെയും ബാക്കി നിൽക്കെ സ്വയം വിരമിക്കൽ തീരുമാനമെടുക്കുകയായിരുന്നു. സാക്ഷാൽ എം.ജി.ആറിന്റെ ആത്മസുഹൃത്തിനോടുപോലും ഉടക്കേണ്ടിവന്ന ജയിംസ് ജോസഫിന്റെ ഔദ്യോഗിക കാലഘട്ടത്തിലേക്ക് ഒരെത്തിനോട്ടം. 
പൊൻകുന്നത്ത് നിന്ന് 
സിവിൽ സർവീസിലേക്ക് 
കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് എം.ഇ. ജോസഫ്- മേരി ദമ്പതികളുടെ മകനായി 1948 നവംബർ 14നാണ് ജയിംസ് കെ. ജോസഫ്  ജനിച്ചത്. അച്ഛൻ എം.ഇ. ജോസഫ് അദ്ധ്യാപകനായിരുന്നു. മദ്രാസ് പ്രസിഡൻസിയിൽ നിന്ന് ബി.എ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് ജേതാവായിരുന്ന അദ്ദേഹത്തിന് വിദ്യാഭ്യാസത്തിന്റെ ശക്തി എന്താണെന്ന് വളരെ നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ മക്കൾക്കും അത് ആവോളം പകർന്നുനൽകുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു. പൊൻകുന്നത്ത് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജയിംസ് ജോസഫ് പ്രീ യൂണിവേഴ്സിറ്റി പഠനത്തിനായി തിരുവനന്തപുരത്തെത്തി. എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചിട്ടും അച്ഛന്റെ ആഗ്രഹപ്രകാരം എൻജിനിയറിംഗിന് ചേർന്നു. സി.ഇ.ടിയിൽ എൻജിനിയറിംഗ് ആണ് തിരഞ്ഞെടുത്തത്. രണ്ടാം റാങ്കോടെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. ആ സമയത്താണ് സിവിൽ സർവീസ് മോഹം മനസിൽ പൂവിടുന്നത്. ബന്ധുവായ ബാബു ജേക്കബിന്  ഐ.എ.എസ്  ലഭിച്ചത് പ്രചോദനമാവുകയായിരുന്നു. അങ്ങനെ പരീക്ഷ എഴുതുകയും ഐ. എ. ആന്റ് എസ്സിലേക്ക് (ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്) തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്നത്തെ കാലത്ത് ഐ.പി.എസിനേക്കാൾ പ്രാധാന്യം ഐ. എ ആൻഡ് എസ്സിന് ഉണ്ടായിരുന്നു. 
അപൂർവമായ ആ അവസരം ജീവതത്തിൽ തുണയായി മസൂറിയിലെ പരിശീലനത്തിന് ശേഷം അസിസ്റ്റന്റ് എജിയായി ആദ്യനിയമനം കേരളത്തിൽ തന്നെയായിരുന്നു. തുടർന്ന് കൊൽക്കത്തയിൽ ഈസ്റ്റേൺ റെയിൽവേയുടെ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് ഓഡിറ്റ്, വെല്ലിംഗ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തിച്ചു. ആർമിയിലെ മേജറിന് തുല്യമായ പദവിയിലായിരുന്നു വെല്ലിംഗ്ടണിൽ പരിശീലനം.  വളരെ അപൂർവമായേ അത്തരം പരിശീലനങ്ങൾക്ക് അവസരം  ലഭിക്കാറുണ്ടായിരുന്നുള്ളൂ. സിവിൽ സർവീസിൽ നിന്ന് ഒന്നോ രണ്ടോ പേർക്ക് മാത്രം ലഭിക്കുന്ന അവസരം. അച്ചടക്ക പൂർണമായ ജീവിതം എങ്ങനെ നയിക്കാമെന്ന് ജയിംസ് ജോസഫ്  പഠിക്കുന്നത് ഡിഫൻസ് കോളേജിലെ ഔദ്യോഗിക കാലയളവിൽ നിന്നും ലഭിച്ച പരിശീലനത്തിൽ നിന്നാണ്. തുടർന്ന് ജമ്മു കാശ്മീർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. 1991ൽ അക്കൗണ്ടന്റ്  ജനറലായി നിയമിതനായി. അന്ന് 39 വയസ് മാത്രമായിരുന്നു ജയിംസ് കെ ജോസഫിന്റെ പ്രായം. 

എം.ജി.ആറിനോടും ഒത്തുതീർപ്പില്ല 
അക്കൗണ്ടന്റ് ജനറലായി തമിഴ്നാട്ടിൽ നിയമിതനായ സമയത്താണ് മുഖ്യമന്ത്രി എം.ജി.ആറിന്റെ സുഹൃത്തും വ്യവസായ പ്രമുഖനുമായ എൻ.പി.വീരസാമി ഉടയാറുമായി ജയിംസ് ജോസഫിന് ഉടക്കേണ്ടി വന്നത്. എം.ജി.ആർ അന്തരിച്ചിട്ട് കുറച്ചു ദിവസങ്ങളേ ആയിരുന്നുള്ളൂ. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഒരു പൊതുമേഖല സ്ഥാപനം എം.ജി.ആർ ഉടയാറിന് വിൽക്കുകയുണ്ടായി. ടെൻഡർ വിളിക്കുകയോ മറ്റു കമ്പനികളുമായി ചർച്ച നടത്തുകയോ ചെയ്യാതെയാണ് സുഹൃത്തിന് എം.ജി.ആർ  ഈ സൗകര്യം ചെയ്തുകൊടുത്തത്. മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു വെള്ള പേപ്പറിലാണ് ഇതുമായി ബന്ധപ്പെട്ട ശുപാർശ അദ്ദേഹം എഴുതിയത്. എം.ജി.ആറിന്റെ മരണശേഷമാണ് ഈ ഫയൽ ജയിംസ് ജോസഫിന്റെ കൈയിൽ എത്തുന്നത്. നിയമപ്രകാരമല്ലാത്തതുകൊണ്ടുതന്നെ അദ്ദേഹമത് തിരിച്ചയച്ചു. വളരെ അപകടം നിറഞ്ഞ തീരുമാനമായിരുന്നു അതെന്നും, ഒരു പക്ഷേ  തന്നെ തല്ലികൊല്ലാൻ പോലും അവർ മടിക്കില്ലായിരുന്നുവെന്നും  ജയിംസ് ജോസഫ് ഓർക്കുന്നു. 
പാമോയിൽ റിപ്പോർട്ടിൽ
പൂർണതൃപ്തൻ 
കോളിളക്കം സൃഷ്ടിച്ച പാമോയിൽ കേസ്, ആളില്ലാ കസേര വിവാദം തുടങ്ങിയ സംഭവബഹുലമായ ഔദ്യോഗിക ജീവിതമായിരുന്നു കേരളത്തിൽ  ജയിംസ് ജോസഫിനെ കാത്തിരുന്നത്. കേരളത്തിൽ അക്കൗണ്ടന്റ് ജനറലായിരുന്ന സമയത്താണ് പാമോയിൽ ഇറക്കുമതിയിൽ ഖജനാവിന് കോടികളുടെ നഷ്ടം വന്നുവെന്നുള്ള എ.ജിയുടെ റിപ്പോർട്ട് പുറത്തുവന്നത്. തന്റെ ആ റിപ്പോർട്ടിൽ ഇന്നും പൂർണതൃപ്തനാണ് ജയിംസ് ജോസഫ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പെൻഷൻ, പ്രോവിഡന്റ് ഫണ്ട് അദാലത്ത് സംഘടിപ്പിച്ചതും ജയിംസ് ജോസഫിന്റെ കാലഘട്ടത്തിലാണ്. 
സ്വയം വിരമിക്കലും 
പുനർനിയമനവും 
കേരളത്തിലെ  സേവനത്തിന് ശേഷം കേന്ദ്രസർവീസിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന സമയത്താണ് സ്വയം വിരമിക്കൽ തീരുമാനം ജയിംസ് ജോസഫ് കൈക്കൊണ്ടത്. പെൻഷൻ ആകുന്നതിന് പിന്നെയും പത്ത് വർഷം ബാക്കിയുള്ളപ്പോൾ ഒന്നുകൂടി ആലോചിച്ചിട്ട് പോരെയെന്നുള്ള സുഹൃത്തുക്കളുടെ വാക്കുകൾ അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. കാരണം മക്കളുടെ വിദ്യാഭ്യാസമായിരുന്നു പദവിയേക്കാളും ജയിംസ് ജോസഫിന് വലുത്. നാട്ടിലുള്ള തന്റെ  കുട്ടികൾക്ക്  തന്റെ സാമീപ്യം  ആവശ്യമാണെന്ന് മനസിലാക്കിയായിരുന്നു ആ തീരുമാനം. നാട്ടിലെത്തിയ ജയിംസ് ജോസഫിന്റെ സേവനം പ്രയോജനപ്പെടുത്താൻ അന്നത്തെ സർക്കാർ തീരുമാനിച്ചു. തുടർന്നാണ് കെ.എസ്.ഐ.ഡി. സി, കെ.എസ്.ആർ.ടി. സി തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചത്. 45 കോടി നഷ്ടത്തിലായിരുന്ന കെ. എസ്. ആർ. ടി സിയെ താൻ പടിയിറങ്ങുമ്പോൾ ഒരു രൂപയുടെ പോലും നഷ്ടം ഇല്ലാത്ത സ്ഥാപനമാക്കി തീർക്കാൻ ജയിംസ് ജോസഫിന് കഴിഞ്ഞു. 
''രാഷ്ട്രീയക്കാരന്റെ അടിമയാകാൻ ആഗ്രഹമില്ല. ഒരിടത്തും ഉറച്ചു നിൽക്കുന്നില്ലല്ലോ ജയിംസേ? എന്നോട് പലരും ഇതു പറയാറുണ്ട്. ശരിയാണ്. അതുപക്ഷേ ഉറച്ചു നിൽക്കാൻ മനസില്ലാത്തതുകൊണ്ടല്ല, രാഷ്ട്രീയക്കാരുടെ താളത്തിനൊത്ത് തുള്ളാൻ കഴിയാത്തതിനാലാണ്. അതുകൊണ്ട് തന്നെയാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് അവസാന നിമിഷം എന്നെ ഒഴിവാക്കിയതിന്  കാരണം. മുൻ ഐ.എ. എസ് ഉദ്യോഗസ്ഥനും കേന്ദ്രമന്ത്രിയുമായിരുന്ന ഒരു മലയാളി എനിക്ക് ലഭിക്കേണ്ട അർഹതപ്പെട്ട നിയമനം അട്ടിമറിക്കുകയായിരുന്നു. അയാളുടെ വ്യക്തിവിരോധമായിരുന്നു പിന്നിൽ. സർവീസിൽ നിന്നുള്ള എന്റെ സ്വയം വിരമിക്കൽ നിർബന്ധിതമായിട്ടാണെന്നായിരുന്നു ടിയാന്റെ ആരോപണം. സത്യമെന്താണെന്ന് ബഹുമാനപ്പെട്ട നീതിന്യായപീഠത്തെ ബോദ്ധ്യപ്പെടുത്താൻ 17 വർഷമായി കാത്തിരിക്കുകയാണ് ഞാൻ."" അദ്ദേഹം പറയുന്നു.
''ഭരണചക്രം എന്ന യൂട്യൂബ് ചാനലിലൂടെ ഞാൻ പറഞ്ഞതും, ഇനി പറയാൻ പോകുന്നതും പകൽവെളിച്ചം പോലുള്ള ആ സത്യങ്ങളാണ്"" -ഇതു പറഞ്ഞു നിറുത്തുമ്പോൾ ജയിംസ് ജോസഫിന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. തന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ അന്നും ഇന്നും ജയിംസ് കെ. ജോസഫ് തയ്യാറല്ല. സാക്ഷാൽ എം.ജി. ആറിന്റെ തീരുമാനത്തെ പോലും മടക്കി അയക്കാൻ കാണിച്ച ആ ധൈര്യം തന്നെയാണ് അദ്ദേഹത്തെ ഇന്നും നയിക്കുന്നത്. ഒരു സത്യാന്വേഷണ പരീക്ഷണം പോലെ മുൻ എ. ജി യാത്ര തുടരുകയാണ്.