
തനിക്കെതിരെയുണ്ടായ വ്യാജവാർത്തകളോട് പ്രതികരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. തൊണ്ടയ്ക്ക് സുഖമില്ലാത്തിനാൽ വോയ്സ് റെസ്റ്റിലാണെന്ന് അറിയിച്ച് ഹരീഷ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ വ്യാജ പ്രചരണങ്ങളുണ്ടായി. കൂടാതെ പോസ്റ്റിന് താഴെ നിരവധി നെഗറ്റീവ് കമന്റുകളും വന്നിരുന്നു. അതിന് ശക്തമായി തന്നെ അദ്ദേഹം മറുപടി നൽകിയിരിക്കുകയാണ്.
എല്ലാവർക്കും വരുന്നത് പോലെ ഒരു സാധാരണ അസുഖം മാത്രമേ തനിക്കുള്ലൂ അല്ലാതെ മാറാരോഗമോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം കുറിച്ചു. ശബ്ദത്തിന് പ്രശ്നമുണ്ടെന്നറിഞ്ഞതോടെ പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകളിട്ടവർക്കെതിരെയും ശക്തമായി ഹരീഷ് മറുപടി നൽകി. 'നന്നായി ഇവൻ ഇനി പാടില്ലല്ലോ', 'ശുദ്ധ സംഗീത പ്രേമികളുടെ ശാപമാണ്' തുടങ്ങിയ കമന്റുകൾക്ക് ഞാൻ ഇനീം എനിക്കിഷ്ടമുള്ളതുപോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയിൽ തന്നെ പാടും നിങ്ങൾക്ക് അത് ബുദ്ധിമുട്ടാണെങ്കിൽ കേൾക്കണ്ട എന്ന് ശക്തമായി പറയുകയും ചെയ്തു. മീശ മാധവൻ എന്ന ചിത്രത്തിൽ ഭഗീരഥൻ പിളള എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഡയലോഗും പോസ്റ്റിന്റെ അവസാനം അദ്ദേഹം കുറിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയപ്പെട്ടവരെ ,
എനിക്ക് അത്ര വലിയ പ്രശ്നം / മാറാ രോഗം ഒന്നും ഇല്ല എന്ന പറയാൻ ആണ് ഈ പോസ്റ്റ്
throat infection അഥവാ laryngitis എന്ന സാധാരണ അസുഖം മാത്രമേ എനിക്കുള്ളൂ. പാടുന്നവർക്കും അല്ലാത്തവർക്കും വന്നു പോവുന്ന ഒന്ന്. കലശലായി വന്നത് കൊണ്ട് ശബ്ദം പോയി എന്നത് ശെരി ആണ്, 15 ദിവസം കൊണ്ട് ശെരി ആവും എന്ന് ഡോക്ടർ പറഞ്ഞിട്ടും ഉണ്ട് .
സംഗീത ലോകത്തിനെ നടുക്കി, ആരാധക ഹൃദയങ്ങളെ 165241 കഷണങ്ങളായി നുറുക്കുന്ന അതി ദാരുണമായ വാർത്ത ഒന്നും അല്ല ഇത് എന്ന് പറയാൻ ആഗ്രഹിക്കുന്നു . ( അങ്ങനെ കുറെ വാർത്ത കണ്ടു പേടിച്ചു എന്നെയും എന്റെ അച്ഛനെയും അമ്മയെയും വരെ ഫോൺ വിളിച്ചിരുന്നു എന്നോട് സ്നേഹമുള്ള കുറെ പേർ ).. പിന്നെ മെസ്സേജ്കളിലൂടെ എന്റെ സുഖം അന്വേഷിച്ച, എനിക്ക് വേണ്ടി സമയം ചിലവഴിച്ച, എല്ലാം വേഗം ശെരി ആവും എന്നു ആവർത്തിച്ചു പറഞ്ഞ ഒരുപാട് പേരുണ്ട് - നിങ്ങളുടെ സ്നേഹത്തിനു തിരികെ തരാൻ എന്റെ കയ്യിൽ എന്റെ സംഗീതം മാത്രമേ ഉള്ളു - അത് തന്നു കൊണ്ടേ ഇരിക്കും. നിങ്ങളുടെ ഈ സ്നേഹവും കരുതലും മാത്രമാണ് എന്റെ മൂലധനം . ഒരുപാട് സ്നേഹം, നന്ദി.
പിന്നെ പ്രസ്തുത വാർത്തയുടെ താഴെ വന്നു ’നന്നായി , ഇനി അവൻ പാടില്ലല്ലോ …, ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്’ എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ - 15 ദിവസത്തിൽ എന്റെ തൊണ്ട ശെരി ആവും, ഇല്ലെങ്കിൽ ഒരു മാസം അല്ലെങ്കിൽ രണ്ടു മാസം - എന്നായാലും ഞാൻ ഇനീം എനിക്ക് ഇഷ്ടമുള്ളത് പോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയിൽ തന്നെ പാടും. നിങ്ങൾക്ക് അത് ഒരു ബുദ്ധിമുട്ടാണെങ്കി, നിങ്ങൾ കേക്കണ്ടാന്നെ …
‘കണ്ണ് പോയതല്ല , കറന്റ് പോയതാണ്' എന്ന് എല്ലാ ഭഗീരഥൻ പിള്ളമാരോടും പറയാൻ ആഗ്രഹിക്കുന്നു.