modi

മാലി : കൊവിഡ് കാലത്ത് ഇന്ത്യ തങ്ങളെ കൈയയച്ച് സഹായിച്ചതായി തുറന്ന് പറഞ്ഞ് മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. മഹാമാരി പടർന്ന് പിടിച്ചപ്പോൾ നിരവധി തവണ വാക്സിനും, ജീവൻ രക്ഷാ ഉപകരണങ്ങളും നൽകി ഇന്ത്യ കൂടെനിന്നു. രാജ്യത്ത് ആരോഗ്യ സേവനങ്ങൾ നൽകാൻ ഭരണകൂടത്തെ പ്രാപ്തമാക്കിയത് ഇന്ത്യയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രസിഡന്റ് തുറന്ന് പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടിൽ രാജ്യത്തിനെ രക്ഷിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങളെ കുറിച്ചും മാലിദ്വീപ് പ്രസിഡന്റ് പ്രതിപാദിച്ചു. മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കാൻ ഇന്ത്യ 250 മില്യൺ ഡോളറിന്റെ സാമ്പത്തിക ബോണ്ടുകൾ വാങ്ങി. ഇരു രാജ്യങ്ങളിലേക്കും വിനോദ സഞ്ചാരികളെ എത്തിക്കുന്നതിനായി ഒരു യാത്രാ ഇടനാഴി സൃഷ്ടിച്ചു. ഇത് കൂടാതെ കൊവിഡ് കാലത്തും അടിയന്തര ചികിത്സ ആവശ്യമായ മാലദ്വീപുകാർക്ക് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇന്ത്യ ഈ ആനുകൂല്യം മാലിദ്വീപിനല്ലാതെ മറ്റൊരു രാജ്യത്തിനും നൽകിയില്ലെന്നും സോലിഹ് പറഞ്ഞു.

ഈ മാസം ആദ്യം മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദിയുമായി ദേശീയ സുരക്ഷാ അദ്ധ്യക്ഷൻ അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മാലിദ്വീപ് പ്രസിഡന്റിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ഇടക്കാലത്ത് സാമ്പത്തിക ലക്ഷ്യത്തോടെ ചൈനയോട് ഏറെ അടുപ്പം കാട്ടിയ മാലിദ്വീപ് ഇപ്പോൾ വീണ്ടും പരമ്പരാഗത സുഹൃത്തായ ഇന്ത്യയ്‌ക്കൊപ്പം നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്.