
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചയായ താരങ്ങളിലൊരാളായിരുന്നു ഷൈൻ ടോം ചാക്കോ. തല്ലുമാല സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ സിനിമാപ്രവർത്തകരും നാട്ടുകാരുമായുണ്ടായ സംഘർഷത്തിനിടെ ഷൈൻ നാട്ടുകാരനെ തല്ലിയെന്നും ആരോപണമുയർന്നിരുന്നു. കൂടാതെ അഭിമുഖങ്ങളിൽ പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്നും, താരം മദ്യ ലഹരിയിലായിരുന്നുവെന്നുമൊക്കെ വിമർശനം ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഷൈൻ ടോമിന്റെ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യങ്ങളിൽ പ്രചരിക്കുന്നത്. ഡബ്ബിംഗിനിടയിൽ അഭിനയിച്ച് തന്റെ കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുന്ന താരമാണ് വീഡിയോയിലുള്ളത്. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന 'പന്ത്രണ്ട്' എന്ന സിനിമയുടെ ഡബ്ബിംഗിനിടെയായിരുന്നു സംഭവം.
സംവിധായകൻ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കൈകൊണ്ടും ശരീരം കൊണ്ടും ആംഗ്യങ്ങൾ കാണിച്ചുകൊണ്ടായിരുന്നു ഷൈൻ ഡബ്ബ് ചെയ്യുന്നത്. ദേവ് മോഹൻ, വിനായകൻ, ലാൽ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് പന്ത്രണ്ട്.