
മുരിങ്ങച്ചെടിക്ക് വെള്ളം കൊടുക്കരുത്. വെള്ളം കൊടുത്തുകഴിഞ്ഞാൽ അത് കായ്‌ക്കില്ല. യുഎഇ പോലുള്ള വിദേശ രാജ്യങ്ങളിൽ റോഡരികത്ത് വളരെയധികം മുരിങ്ങ കായ്‌ച്ച് കിടക്കുന്നതിന് കാരണം തന്നെ വെള്ളത്തിന്റെ ദൗർലഭ്യമാണ്.
രണ്ട് തരം മുരിങ്ങയാണുള്ളത്. ചെടി മുരിങ്ങയും, മര മുരിങ്ങയും. ഒരു വർഷം മാത്രം ആയുസുള്ളതാണ് ചെടി മുരിങ്ങ. മര മുരിങ്ങ എത്ര വർഷം വേണമെങ്കിലും നിലനിൽക്കും.
വിവിധ രീതിയിൽ മുരിങ്ങ നട്ടുവളർത്താവുന്നതാണ്. വിത്ത് പാകിയോ, കമ്പ് വച്ചോ മുരിങ്ങ വളർത്തിയെടുക്കാം. വിത്താണ് പാകാൻ ഉദ്ദേശിക്കുന്നതെങ്കിൽ വെയിലത്ത് ഉണക്കി എടുത്ത് വേണം നട്ടെടുക്കാൻ. ഒമ്പത് മാസം കഴിയുമ്പോൾ ഇതിൽ നിന്നും കായ്‌ഫലം ലഭിക്കും. ഒരുതരത്തിലുള്ള വളപ്രയോഗവും സാധാരണഗതിയിൽ മുരിങ്ങയ‌്ക്ക് നൽകേണ്ടതില്ല.
നാലഞ്ചടി ഉയരമെത്തുമ്പോൾ തന്നെ ശിഖരം നുള്ളാൻ ശ്രദ്ധിക്കണം. ഇത് നിരവധി ശിഖരങ്ങൾ ഉണ്ടാകാനും കായ്‌ഫലം വർദ്ധിപ്പിക്കാനും സഹായിക്കും. കൃത്യസമയത്ത് കൊമ്പുകോതൽ നടത്തേണ്ടതും അത്യാവശ്യമാണ്.