
ചെറിയ ആർട്ടിസ്റ്റുകളെ പോലും ശ്രദ്ധിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും അദ്ദേഹം തന്നെ ഒരിക്കൽ ഞെട്ടിച്ചിട്ടുണ്ടെന്നും പറയുകയാണ് നടൻ ബാലാജി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാലാജി ആ വിശേഷങ്ങൾ പങ്കിട്ടത്.
' മമ്മൂക്കയ്ക്കൊപ്പം ഒരുപാട് സിനിമകൾ ചെയ്‌തിട്ടുണ്ട്. സീരിയലിൽ അഭിയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മമ്മൂക്ക എന്നെ കുറിച്ച് നല്ലൊരു അഭിപ്രായം പറയുന്നതായി ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. അങ്ങനെ ഒരു ദിവസം മമ്മൂക്കയുടെ ലൊക്കേഷനിൽ പരിചയപ്പെടാൻ വേണ്ടി ചെന്നു. പക്ഷേ എന്നെ അദ്ദേഹം ഷാജി കൈലാസിന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. ഷാജീ, ഞാൻ പറഞ്ഞ ആർട്ടിസ്റ്റ് ഇതാണെന്ന് പറഞ്ഞ് നടന്നു പോയി. അതാണ് മമ്മൂക്ക.
ചെറിയ ചെറിയ ആർട്ടിസ്റ്റുകളെ പോലും അദ്ദേഹം നോട്ട് ചെയ്യും. ഇവരെ കുറിച്ചൊന്നും പറയാൻ നമ്മൾ ആളല്ല. എന്തെങ്കിലും നമ്മൾ പറഞ്ഞാൽ അതിന്റെ താഴെ വരുന്ന കമന്റ് വായിച്ചാൽ നാണക്കേട് തോന്നും. ഇയാൾ മമ്മൂക്കയെ പൊക്കി ചാൻസ് മേടിച്ചെടുക്കാനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നാകും കമന്റുകൾ.
ഇവരുടെയൊക്കെ കൂടെ സ്ക്രീൻ ചെയ്യാൻ പറ്റുക എന്നത് തന്നെ ഭാഗ്യമാണ്. കുഞ്ഞനന്തന്റെ കടയിൽ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ വേഷമായിരുന്നു എനിക്ക്. മമ്മൂക്കയുടെ മുന്നിൽ നിന്ന് എന്റെ കഥാപാത്രം വലിയൊരു ഡയലോഗ് പറയുന്ന സീനുണ്ട്. ഞാൻ ഒരുവിധത്തിൽ പറഞ്ഞ് ഒപ്പിച്ചു.
പക്ഷേ, മമ്മൂക്ക പറഞ്ഞു, നിന്റെ കഥാപാത്രത്തിന്റെ പ്രായം അമ്പതു വയസിന് മുകളിലാണ്, കണ്ണൂർ സ്ലാംഗാണ്. ഒന്ന് നിറുത്തി നിറുത്തി പറയാം. ഡയലോഗ് കഴിഞ്ഞ് വൺ, ടു, ത്രീ എന്ന് പറഞ്ഞ ശേഷം അടുത്ത ഡയലോഗ് പറഞ്ഞു നോക്കൂവെന്ന്. ആ സമയത്ത് മമ്മൂക്ക പറഞ്ഞതിന്റെ പേരിലാണ് ഞാൻ അങ്ങനെ ചെയ്തതെങ്കിലും സിനിമ കണ്ടപ്പോഴാണ് അതിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് മനസിലായത്. പിന്നീട് എല്ലാ ഡബിംഗിലും ഞാനത് ശ്രദ്ധിക്കും." ബാലാജി പറഞ്ഞു. വീഡിയോ കാണാം...