
തൃശൂർ: തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇതിന്റെ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. ആറ് ബിജെപി അംഗങ്ങൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 24നെതിരെ 25 വോട്ടുകൾക്കാണ് അവിശ്വാസം പരാജയപ്പെട്ടത്.
കോർപ്പറേഷനിൽ മേയർക്കും ഡപ്യൂട്ടി മേയർക്കുമെതിരെയാണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയം വിജയിക്കണമെങ്കിൽ യുഡിഎഫിന് ബിജെപിയുടെ പിന്തുണ വേണമായിരുന്നു. എന്നാൽ ബിജെപി അവിശ്വാസത്തിൽ പങ്കെടുക്കുമോ എന്ന തീരുമാനം പ്രഖ്യാപിച്ചിരുന്നില്ല. കൂടാതെ ഇടതുപക്ഷത്ത് നിന്നും ചില സ്വതന്ത്രരെ കൂടെ തങ്ങളുടെ പക്ഷത്താക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും അതും ഫലപ്രദമായില്ല. ജില്ലാ കളക്ടർ ഹരിത വി കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അവിശ്വാസ പ്രമേയം ചർച്ച ചെയ്തത്. ഇതിന് ശേഷമായിരുന്നു വോട്ടെടുപ്പ്.
കോർപ്പറേഷനിൽ എൽഡിഎഫിനും യുഡിഎഫിനും ഇരുപത്തിനാല് അംഗങ്ങൾ വീതവും ബിജെപിക്ക് ആറംഗങ്ങളുമാണ് ഉള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച എം കെ വർഗീസിന്റെ പിന്തുണ ലഭിച്ചതോടെയാണ് എൽഡിഎഫിന് കോർപ്പറേഷന്റെ ഭരണം ലഭിച്ചത്. അൻപത്തിയഞ്ചംഗങ്ങൾ അടങ്ങുന്ന കൗൺസിലിൽ അവിശ്വാസം മറികടക്കാൻ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് ആവശ്യമായിരുന്നു. ബിജെപിയുടെ ആറംഗങ്ങളും ഒപ്പം നിൽക്കുമെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടിയിരുന്നത്.