 
മലയാള സിനിമയിൽ എഡിറ്റിംഗ് രംഗത്ത് നിന്നും കടന്നു വന്ന് ശ്രദ്ധേയനായ വ്യക്തിയാണ് ബിജിത്ത് ബാല. എഡിറ്റിംഗ് രംഗത്ത് സജീവമായി തുടരുന്നതിനൊപ്പം സംവിധായകനുമാണ്. 'പടച്ചോനേ..ഇങ്ങള് കാത്തോളീ"" എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ബിജിത്ത് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ആദ്യത്തെ സ്പോട്ട് എഡിറ്റിംഗ്
മലയാള സിനിമയിൽ ആദ്യമായി സ്പോട്ട് എഡിറ്റിംഗിനു തുടക്കമിട്ടത് ഞാനും ഡോൺ മാക്സുമാണ്. റാഫി ഷാഫി കൂട്ടുകെട്ടിലെ മമ്മൂട്ടി നായകനായ 'മായാവി ' എന്ന ചിത്രത്തിലൂടെയായിരുന്ന എന്റെ തുടക്കം. പിന്നീട് പളുങ്ക് തുടങ്ങി കുറച്ചു സിനിമകളുടെ സ്പോട്ട് എഡിറ്റിംഗും നിർവഹിച്ചു. അപ്പോഴൊക്കെ മമ്മുക്കായുടെ വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിനിടയിൽ പരസ്യചിത്രങ്ങൾ ചെയ്തു. സിബിസാറിന്റെ സഹായിയായിരുന്ന തോമസ് സെബാസ്റ്റ്യൻ വഴിയാണ് ആ ക്യാമ്പിലെത്തുന്നത്. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഒരു സീരിയൽ ഞാൻ എഡിറ്റ് ചെയ്തിരുന്നു. 'എന്റെ വീട് അപ്പൂന്റേയും" എന്ന ചിത്രത്തിന്റെ ടൈറ്റിൽ ചെയ്തു കൊണ്ടാണ്  സിബി സാറിനോടൊപ്പം പ്രവർത്തിച്ചു തുടങ്ങുന്നത്. പിന്നെ സിബിസാറിന്റെ 'ഫ്ളാഷ്" എന്ന സിനിമയുടെ എഡിറ്റിംഗ് ചെയ്യാൻ അവസരം ലഭിച്ചു.
കടന്നുവരവ് ഇങ്ങനെ
കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞ് ഗ്രാഫിക്സ് വിഷ്വൽ എഫക്ട്സ് പഠിച്ചു. അങ്ങനെയാണ് സ്പോട്ട് എഡിറ്റിംഗിലെത്തുന്നത്. സിബി സാറിന്റെ 'കൊത്ത്" ഒഴിച്ചുള്ള ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഹിന്ദിയിൽ രണ്ടു ചിത്രങ്ങളുടെ എഡിറ്റിംഗും നിർവഹിച്ചിരുന്നു. 'റോക്കട്രി നമ്പി എഫക്റ്റ്സ്" എന്ന ചിത്രമാണ് അതിലൊന്ന്. നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. 'ടഗ് ടുഗ്" ആണ് മറ്റൊരു ചിത്രം. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ചിത്രം കൂടിയാണിത്. താന്തോന്നി, ഷട്ടർ, കളിയച്ചൻ, ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു.
അരങ്ങേറ്റമായ 'നെല്ലിക്ക"
'നെല്ലിക്ക" എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് കടന്നു വന്നത്. പ്രശസ്ത ബോളിവുഡ് താരം അതുൽ കുൽക്കർണി ആദ്യമായി മലയാള സിനിമയിൽ അഭിനയിച്ച ചിത്രം കൂടിയാണിത്. സംവിധാനം എന്നും മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു കാര്യം തന്നെയായിരുന്നു. എഡിറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് സംവിധാനം ഒരു ബാലികേറാമലയല്ല. ഒരു സംവിധായകൻ എഡിറ്റിംഗിലും മികവു പുലർത്തുന്നത് ഏറെ നന്നായിരിക്കും. ആദ്യ ചിത്രത്തിന്നു ശേഷം അൽപ്പം ഇടവേളക്കുശേഷമാണ് രണ്ടാമതു ചിത്രമായ 'പടച്ചോനേ... ഇങ്ങള് കാത്തോളീ" എന്ന ചിത്രം ചെയ്യുന്നത്. ശ്രീനാഥ് ഭാസിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ, ഗ്രേസ് ആന്റണി, നിർമ്മൽ പാലാഴി, പാഷാണം ഷാജി, ആൻ ശീതൾ, ദിനേശ് പ്രഭാകരൻ എന്നിവർ അഭിനയിക്കുന്നു. ജോസുകുട്ടി മഠത്തിലും രഞ്ജിത്തും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നിരവധി തവണ കരസ്ഥമാക്കിയ പ്രദീപ് കുമാർ കാവുന്തറയുടേതാണ് തിരക്കഥ.