supreme-court

ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണവിലക്കിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചു. ചാനലിന് നേരത്തെ പ്രവർത്തിച്ച രീതിയിൽ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാധ്യമം മാനേജ്‌മെന്റിന് വലിയൊരു ആശ്വാസം നൽകുന്നതാണ് കോടതി വിധി.ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

കേന്ദ്രസർക്കാർ സമർപ്പിച്ച മുദ്രവച്ച കവറിലെ രണ്ട് സെറ്റ് ഫയലുകൾ പരിശോധിച്ച ശേഷമാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് പരിഗണിക്കുന്ന വേളയിൽ, വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് കോടതി തിരിച്ച് ചോദിച്ചത് എന്തുകൊണ്ട് ഇപ്പോൾ സത്യവാങ്മൂലം നൽകാൻ കഴിയുന്നില്ല എന്നായിരുന്നു.

മുദ്രവച്ച കവറുകളിൽ കൂടുതൽ വിവരങ്ങളുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞെങ്കിലും ജസ്‌റ്റിസ് ചന്ദ്രചൂഢ് വിയോജിച്ചു. മാദ്ധ്യമസ്ഥാപനമെന്ന നിലയ‌്ക്ക് പരിരക്ഷയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കേന്ദ്രത്തിന് രണ്ടാഴ്ചയ്ക്കകം കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാം, നേരത്തെ സമർപ്പിച്ച രേഖകൾ പരാതിക്കാർക്ക് കൈമാറാൻ കഴിയുമോ എന്നതും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 26ന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണം.

വിധിയെ മീഡയവൺ സ്വാഗതം ചെയ്തു. വൈകാതെ തന്നെ ചാനൽ സംപ്രേഷണം ആരംഭിക്കുമെന്ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ പ്രതികരിച്ചു.