
മികച്ച കഥാപാത്രങ്ങളിലൂടെ തന്റെയിടം അടയാളപ്പെടുത്തുന്ന നടി അന്നാബെന്നിന്റെ  നിലപാടുകൾ
മലയാള സിനിമയിലെ  പ്രതീക്ഷ പകരുന്ന നായികയുടെ  പേരാണ്  അന്നാബെൻ. അഭിനയിച്ച സിനിമകളിലെല്ലാം സ്വന്തമായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട് അന്ന. നാരദൻ, നൈറ്റ് ഡ്രൈവ് എന്നീപുതിയ ചിത്രങ്ങളിലും അന്ന കയ്യടി നേടി. അന്നയുടെ കാഴ്ചപ്പാടുകൾ, വിശേഷങ്ങൾ.
അന്ന ജീവിതത്തിൽ നാരദന്റെ പണി കാണിച്ചിട്ടുണ്ടോ? ആരാണ് നാരദൻ എന്നറിയുമോ?
(ചിരിക്കുന്നു). ഇല്ല ഒരിക്കലുമില്ല.. നാരദൻ ശരിക്കും ഒരു ഇൻഫർമേഷൻ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് അറിയിക്കുന്നയാൾ ഒരു മെസഞ്ചർ എന്നൊക്കെ പറയാം.. അത് തന്നെയാണ് നമ്മൾ ഉദ്ദേശിക്കുന്നത്. അത് നല്ലതോ മോശമോ ആവാം. അറിയുന്ന വിവരങ്ങൾ പാസ് ചെയ്യുക എന്നതാണ് മുഖ്യം.
എന്താണ് ഈയൊരു പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ചാനലുകൾക്കെല്ലാം നാരദന്റെ സ്വഭാവം ഉണ്ടെന്നാണോ?
രണ്ട് വശങ്ങളും ഉണ്ടല്ലോ, നല്ലതിനെ നല്ലതായി പറയുന്നവരും ഉണ്ട്. അത് പോലെ തന്നെ കാര്യങ്ങളെ വളച്ചൊടിച്ചു കഥകൾ പറയുന്ന മാദ്ധ്യമങ്ങളും ഉണ്ട്. ഫേക്ക് ന്യൂസ് ഒക്കെചർച്ച ചെയ്യുന്ന ഒരു സിനിമ ആയിരിക്കും ഇത്! എന്നെപ്പറ്റി ഒരു ഫേക്ക് ന്യൂസ് വന്നാൽ അത് എന്നെ മോശമായി ബാധിക്കുന്ന തരത്തിലേക്ക് പോകുകയാണെന്ന് കണ്ടാൽ  അതിന്റെ സത്യാവസ്ഥ എന്താണെന്നു വിളിച്ചു പറയുന്ന ഒരു അവസ്ഥയിലേക്ക് അത് മാറും. അല്ലെങ്കിൽ അതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും!

ടൊവിനോ, ആഷിഖ് അബു അല്ലതെ 'നാരദ" നിൽ എത്തിച്ച ഘടകം എന്താണ് സിനിമയിൽ? അന്ന തിരക്കഥ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?
തീർച്ചയായും ആ ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് ആഷിഖ് ചേട്ടന്റെ കൂടെ വർക്ക് ചെയ്യണം എന്ന് ഒരുപാട് നാളായി ആഗ്രഹിച്ച കാര്യമാണ്. അപ്പൊ ഇത് വന്നപ്പോൾ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു! തിരക്കഥ തിരഞ്ഞെടുക്കുന്നത് ഞാൻ തന്നെയാണ്. ശരിക്കും കഥ കേൾക്കുക എന്നത് തന്നെയാണ് മെയിൻ. പ്രേക്ഷകയായി ഇരുന്ന് കഥ കേൾക്കുമ്പോൾ ഇത് തിയേറ്ററിൽ പോയി കാണാൻ തോന്നുന്നുണ്ട് എന്ന ഫീലിംഗ് തരുന്ന സിനിമകൾ ആണ് കൂടുതലും തിരഞ്ഞെടുക്കാറ്!
അന്ന തിരഞ്ഞെടുക്കുന്ന കഥകൾ എല്ലാം നല്ലതാകുന്നു! എന്തുകൊണ്ടായിരിക്കും?
എനിക്കറിയില്ല, ഞാൻ ആകെ നാല് സിനിമയേ ചെയ്തിട്ടുള്ളു. എനിക്കറിയില്ല എന്താണ് കാരണം എന്ന്, ഒരു പക്ഷേ ഭാഗ്യം കൊണ്ടതായിരിക്കാം. ഞാൻ റിലേറ്റ് ചെയ്യുന്ന, എനിക്ക് കണക്ട് ചെയ്യാൻ പറ്റുന്ന സിനിമകൾ ആണ് ഞാൻ ചെയ്യുക. എനിക്ക് ഒരു വർഷം പത്ത് സിനിമകൾ ചെയ്യണം എന്നുള്ള ആഗ്രഹം ഒന്നുമില്ല. എനിക്ക് വരുന്ന കഥകളിൽ ഏറ്റവും കണക്ട് ആകുന്നതും, ഇൻപുട്ട് കൊടുക്കാൻ പറ്റുന്നതുമായ സിനിമകളേ ഞാൻ ചെയ്യാറുള്ളൂ. ഒരുപക്ഷേ അതായിരിക്കും പ്രേക്ഷകർക്ക് അതൊക്കെ ഇഷ്ടമാകുന്നത്. കഥകൾ കേട്ടിട്ട് എനിക്ക് വർക്ക് ആവാത്ത പല കഥകളും വേണ്ടാന്നു വച്ചിട്ടുണ്ട്. അതിൽ പലതും ഹിറ്റ് ആയിട്ടുമുണ്ട്. അതൊന്നും കഥ മാത്രം നോക്കി ചെയ്യുന്നതല്ല. അതിന്റെ പല കാര്യങ്ങളും അതിൽ കടന്നു വരും. ഞാൻ ചെയ്താൽ എന്റെ കയ്യിൽ നിൽക്കാത്ത കഥാപാത്രങ്ങളും വന്നിട്ടുണ്ട്. മറ്റൊരാൾ ചെയ്താലാണ് ഇത് നന്നാകുക എന്ന് തോന്നുന്ന പല കഥകളും വേണ്ടാന്ന് വച്ചിട്ടുമുണ്ട്.
ടി വി കാണാറുണ്ടോ? ന്യൂസ് വായിക്കാറുണ്ടോ?
ഇല്ല... ടി വി യും കാണാറില്ല, ന്യൂസും വായിക്കാറില്ല (ചിരിക്കുന്നു). ശരിക്കും പറഞ്ഞാൽ പ്രത്യേകിച്ചൊന്നിനും സമയം കിട്ടാറില്ല. ഇപ്പൊ ഇൻസ്റ്റാഗ്രാം ഇടയ്ക്ക് ഉപയോഗിക്കും. പക്ഷേ, ഒട്ടും ആക്ടീവ് അല്ല. ചിലപ്പോൾ ഉപയോഗിക്കും ചിലപ്പോ നോക്കാറില്ല. ഞാൻ അതിനൊന്നും അഡിക്റ്റല്ല.
മാദ്ധ്യമ വിചാരണ കേട്ടിട്ടുണ്ടോ? എന്താണഭിപ്രായം?
ചർച്ചകൾ എപ്പോഴും നല്ലതാണ്. ഒരു വിഷയത്തെപ്പറ്റി പല തലത്തിൽ അഭിപ്രായങ്ങൾ വരുന്നത് എപ്പോഴും നല്ലതാണ്. ആളുകളുടെ ചിന്ത വികസിക്കാൻ അത് ഉപയോഗപ്പെടും. ഒരു അഭിപ്രയം വച്ച് മാത്രം കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല. അഭിപ്രായങ്ങൾ എല്ലാവർക്കും ഉണ്ട്. അത് ചർച്ച ചെയ്യുക തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം!
ഒരുപാട് ഡയലോഗ് ഉള്ള സിനിമയാണല്ലോ?
അതേ. ഞാൻ ഇതുവരെ ചെയ്തിരിക്കുന്നതെല്ലാം വളരെ കുറച്ച് മാത്രം ഡയലോഗ് ഉള്ള കഥാപാത്രങ്ങൾ ആണ്. സിങ്ക് സൗണ്ടിൽ ചെയ്യുമ്പോൾ ഒരുപാട് പേജുകൾ ഉള്ള തിരക്കഥ കാണാതെ പേടിച്ചു പറയണമായിരുന്നു. അതാണ് ഇതിൽ എനിക്ക് ഏറ്റവും പാടുണ്ടായിരുന്ന കാര്യം. ഞാൻ തലേ ദിവസം സീനുകൾ മേടിച്ചു പരീക്ഷക്ക് പോകുന്നത് പോലെ എഴുതി പഠിക്കുമായിരുന്നു. എനിക്ക് കാണാതെ പഠിക്കാൻ ഒരുപാട് പാടാണ്. ഇതിൽ ഡയലോഗ് നമുക്ക് തോന്നുന്നത് പോലെ പറയാനും പറ്റില്ല.
ഒരു കഥാപാത്രത്തിനു വേണ്ടി മുടി മുറിച്ച് ബോയ് കട്ട് ആക്കാൻ പറഞ്ഞാൽ ചെയ്യുമോ? അന്നയുടെ ഐഡന്റിറ്റി മുടിയല്ലേ.
പിന്നെന്താ... ഉറപ്പായും ചെയ്യും... എന്റെ ഐഡന്റിറ്റി മുടിയല്ല. എന്റെ ഐഡന്റിറ്റി എന്റെ പേഴ്സനാലിറ്റി ആണ്!