worker

യുഎസ് : ലോകത്തൊട്ടാകെ എല്ലാവരുടെയും ജീവിത ചെലവ് ഓരോ ദിവസവും വർദ്ധിക്കുകയാണ്. കൊവിഡ് ആരംഭിച്ചത് മുതൽ പലർക്കും വരുമാനവുമില്ലാതെയായി. ഇതോടെ പലരുടെയും ജീവിതങ്ങൾ പ്രതിസന്ധിയിലായി. ഒട്ടുമിക്കയിടങ്ങളിലും തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. കടുത്ത പ്രതിസന്ധിയിലായ സാധാരണക്കാരുടെ അവസ്ഥ തുറന്ന് കാട്ടുന്ന അനുഭവമാണ് അമേരിക്കയിലെ സെെമൺ എന്ന ചെറുപ്പക്കാരൻ പങ്ക് വച്ചിരിക്കുന്നത്. തന്റെ പ്രശ്നത്തിന് നല്ലൊരു പോംവഴിയും സെെമൺ കണ്ട് പിടിച്ചിട്ടുണ്ട്.

താമസിക്കുന്ന സ്ഥലത്തിന്റെ വാടക നൽകാനുള്ള തുക പോലും ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് സെെമണിന് കിട്ടിയിരുന്നില്ല. ഇതോടെ സെെമൺ തന്റെ താമസം ഓഫീസിലേയ്ക്ക് മാറ്റി. താൻ താമസം മാറുന്ന വീഡിയോ ഉൾപ്പടെ സെെമൺ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒട്ടനവധി ആരാധകരെയും സെെമൺ ഇതിലൂടെ നേടി.

ഓഫീസിലേയ്ക്ക് സാധനങ്ങൾ വയ്ക്കുന്നതും തന്റെ പുതിയ ലിവിംഗ് സ്‌പെയ്‌സിലെ ദൈനംദിന അപ്‌ഡേറ്റുകളുമെല്ലാം സെെമൺ പങ്കിടാറുണ്ടായിരുന്നു. കൊവിഡ് മൂലം പലരും വ‌ർക്ക് ഫ്രം ഹോം ആയതിനാൽ ഓഫീസിൽ ധാരാളം സ്ഥലമുണ്ടെന്നാണ് സെെമൺ പറഞ്ഞിരുന്നത്. എന്നാൽ സെെമണിന്റെ ഓഫീസിലെ താമസം അധികനാൾ നീണ്ടില്ല. നാലാം ദിവസം താമസം മാറ്റേണ്ടി വന്ന സെെമണിന് ഓഫീസിലെ ജോലിയോടും ഗുഡ് ബെെ പറയേണ്ടി വന്നു.