
വാഷിംഗ്ടൺ : ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പറന്നുയർന്നതെന്ന് കരുതുന്നതായും മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
വിഷയത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും മാർച്ച് 9ന് അവർ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അതിനപ്പുറം തങ്ങൾക്ക് അഭിപ്രായമൊന്നുമില്ലെന്നും പ്രൈസ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഹരിയാനയിലെ സിർസ ഭാഗത്തുനിന്ന് തങ്ങളുടെ അതിർത്തി ഭേദിച്ച് മിസൈൽ എത്തിയെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടതിന് പിന്നാലെ മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചതാണെന്ന് ഇന്ത്യ ഔദ്യോഗികമായി സമ്മതിച്ചിരുന്നു.
മിസൈൽ പറന്നതിന് തൊട്ട് പിന്നാലെ ഇന്ത്യ പാകിസ്ഥാന് അറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് മറച്ച് വച്ച പാകിസ്ഥാൻ, വിക്ഷേപണത്തെക്കുറിച്ച് ഇന്ത്യൻ ഭാഗത്ത് നിന്ന് തങ്ങൾക്ക് യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചിരുന്നു.