sahal

തിലക് മൈതാൻ: ഐ എസ് എല്ലിലെ നിർണായകമായ രണ്ടാം പാദ സെമിഫൈനലിന് ഇറങ്ങുന്ന കേരളാ ബ്ളാസ്റ്റേഴ്സ് ടീമിൽ നിന്ന് മലയാളി താരം സഹൽ അബ്ദുൾ സമദ് പുറത്ത്. ഇന്നത്തെ മത്സരത്തിനായി പുറത്തിറക്കിയ ടീം ഷീറ്റിൽ പകരക്കാരുടെ നിരയിൽ പോലും സമദിനെ ഉൾപ്പെടുത്തിയിട്ടില്ല. താരത്തെ നിർണായക മത്സരത്തിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്ന് ബ്‌ളാസ്റ്റേഴ്സ് മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

അതേസമയം താരത്തിന് ഇന്നലത്തെ പരിശീലനത്തിനിടെ പരിക്ക് പറ്റിയതായി ടീമിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നലെ നടന്ന ഓൺലൈൻ പത്രസമ്മേളനത്തിൽ പരിശീലകൻ സഹലിന്റെ പരിക്കിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. അതിനാൽ തന്നെ ഇന്നലത്തെയോ ഇന്ന് രാവിലെ നടന്ന പരിശീലനത്തിനിടെയോ പരിക്ക് ഏറ്റിരിക്കാനാണ് സാദ്ധ്യത. ജംഷഡ്പൂരിനെതിരായ ആദ്യ പാദത്തിൽ സഹലിന്റെ ഗോളിലാണ് ബ്‌ളാസ്റ്റേഴ്സ് വിജയിച്ചത്.

സഹലിനെ കൂടാതെ സഞ്ജീവ് സ്റ്റാലിനെയും ഇന്നത്തെ കളിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സഞ്ജീവിനെ പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് പകരമായി സന്ദീപും നിശുകുമാറും ടീമിൽ എത്തി. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് മറ്റ് കാര്യമായ മാറ്റങ്ങളൊന്നും പരിശീലകൻ ഇവാൻ വുകോമാനോവിച്ച് വരുത്തിയിട്ടില്ല.

എന്നാൽ പതിവ് ഫോർമേഷനിൽ നിന്ന് ചെറിയ ചില മാറ്റങ്ങളോടെയാകും ബ്‌ളാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങുക എന്ന് സൂചന. ആയുഷ് അധികാരിയും പൂട്ടിയയും മദ്ധ്യനിരയിൽ കളിക്കുമ്പോൾ പ്രതിരോധത്തിൽ ഹോർമിപാം ലെസ്കോവിച് എന്നിവർക്ക് ഒപ്പം ഖബ്രയും സന്ദീപും നിശുവും ഇറങ്ങും. ലൂണ, ഡിയസ്, വാസ്കസ് എന്നിവരാണ് മുന്നേറ്റനിരയ്ക്ക് കരുത്ത് പകരുന്നത്.