
ന്യൂഡൽഹി: ഹിജാബ് കേസിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഹർജിക്കാരായ വിദ്യാർത്ഥിനികൾ. ഹൈക്കോടതി വിധി നിരാശാജനകമാണെന്നും ഹിജാബ് ധരിക്കുന്നത് അവകാശമാണെന്നുമായിരുന്നു വിധിക്കെതിരെ ഹർജിക്കാരായ ആറ് വിദ്യാർത്ഥിനികൾ പ്രതികരിച്ചത്. വിദ്യാർത്ഥിനിയായ നിബ നാസിന് വേണ്ടി പ്രത്യേക ലീവ് പെറ്റീഷനാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഹിജാബ് ധരിക്കാനുളള അവകാശം സ്വകാര്യതയുടെ അവകാശത്തിന്റെ പരിധിയിൽ വരുമെന്നും കർണാടക വിദ്യാഭ്യാസ നിയമത്തിൽ വിദ്യാർത്ഥികൾ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന് വ്യവസ്ഥയില്ലെന്നുമാണ് വിദ്യാർത്ഥിനികളുടെ വാദം.
മതസ്വാതന്ത്ര്യവും മനസാക്ഷിയുടെ സ്വാതന്ത്ര്യവും സൃഷ്‌ടിച്ച ഹൈക്കോടതി വിധിയിൽ തെറ്റുണ്ടെന്നാണ് വിദ്യാർത്ഥികളുടെ വാദം. കർണാടകയിലെ ഉടുപ്പിയിൽ ഡിസംബർ മാസത്തിലാണ് ഹിജാബ് വിവാദത്തിന്റെ ആരംഭം. ഉടുപ്പി പി.യു കോളേജിൽ ഹിജാബ് ധരിച്ച് വിദ്യാർത്ഥികൾ എത്തുന്നതിനെതിരെ എബിവിപിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയും കാവി ഷാൾ ധരിച്ച് വിദ്യാർത്ഥികൾ എത്തുകയും ചെയ്‌തതോടെയാണ് ഹിജാബ് വിവാദം രാജ്യമാകെ അലയടിച്ചത്. ഹിജാബും ഷാളും ധരിച്ച് വരുന്നതിനെ നിരോധിച്ചും യൂണിഫോം ധരിക്കണമെന്ന് നിഷ്‌കർഷിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉത്തരവിറക്കിയതോടെയാണ് വിവാദം ഹൈക്കോടതിയിലെത്തിയത്.
മതവിശ്വാസം സംബന്ധിച്ച ഭരണഘടനയുടെ 25ാം അനുച്ഛേദം, അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച 19ാം അനുച്ഛേദം എന്നിവയുടെ ലംഘനമാണ് എന്ന് കാട്ടിയാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിർക്കാനാകില്ല എന്നും കാണിച്ചാണ് ഹർജി തളളിയത്. വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയതോടെ ഈ വർഷം അവസാനം നടക്കാൻ പോകുന്ന വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്തവർഷം നടക്കേണ്ട കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് വിഷയമാകാനുളള സാദ്ധ്യത ഉയർന്നു.