
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോ മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലാകും പ്രകാശനം. സർവകലാശാല വൈസ് ചാൻസലർ പി.എം. മുബാറക് പാഷ, പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
സർവകലാശാല ആദ്യം തിരഞ്ഞെടുത്ത ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത ലോഗോയ്ക്കെതിരെ വിമർശനം ഉയർന്നതോടെ പിൻവലിച്ചു. പിന്നീട് സർവകലാശാല നിയോഗിച്ച അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായുള്ള സമിതി തിരഞ്ഞെടുത്ത ലോഗോയാണ് ഇപ്പോൾ പ്രകാശനം ചെയ്യുന്നത്. ഗുരുദേവന്റെ രേഖാചിത്രത്തിനൊപ്പം വിദ്യകൊണ്ട് സ്വതന്ത്രരാകുകയെന്ന ഗുരുദേവ സന്ദേശവും ഉൾപ്പെട്ടതാണ് പുതിയ ലോഗോ. മൂന്ന് മാസം മുമ്പ് വിദഗ്ദ്ധ സമിതി ലോഗോ തിരഞ്ഞെടുത്ത് നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ സമയം ലഭിക്കാത്തതിനാൽ പ്രകാശനം നീളുകയായിരുന്നു.